local news

കണ്ണോത്ത് കരിയ ‘ശ്രീ മുത്തപ്പന്‍’ ഗ്രാമീണ വായനശാല നാടിന് സമര്‍പ്പിച്ചു

ഗുരുപുരം : ജനകീയ കൂട്ടായ്മയില്‍ പണിതുയര്‍ത്തിയ കണ്ണോത്ത് കരിയ മുത്തപ്പന്‍ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം നാടിന് സമര്‍പ്പിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ: സി.കെ സബിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണോത്ത് കരിയയിലെ മുത്തപ്പന്‍ മടപ്പുരയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തീക സമാഹരണത്തില്‍ ബാക്കി വന്ന തുക ഉപയോഗപ്പെടുത്തിയാണ് നാട്ടുകാര്‍ മടപ്പുരയുടെ സമീപത്തായി തന്നെ പുതിയൊരു ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം പണിതുയര്‍ത്തിയത്. മിച്ചമായി വന്ന തുക എന്ത് ചെയ്യണമെന്ന കൂടിയാലോചനയാണ്് ഇവരെ ഈ മാതൃകാപരമായ ചുവടുവെയ്പ്പിലേക്ക് നയിച്ചത്. ആരാധനാലയം ആധാരമാക്കി സ്വരൂപിച്ചതിനാല്‍ വിശ്വാസികളുടെ ആഗ്രഹവും ആവശ്യവും മുന്‍നിര്‍ത്തി ദൈവഹിതം കൂടി അറിഞ്ഞ് നിര്‍മ്മിച്ച വായനശാലയ്ക്ക് മുത്തപ്പന്റെ പേര് നല്‍കിയതും ഇതേ പരിഗണനയിലാണ്. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ കരിയ അദ്ധ്യക്ഷനായി. ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതിയംഗം നിത്യ മധു മുഖ്യതിഥിയായി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.കെ ബാബുരാജ്,
പഞ്ചായത്ത് അംഗങ്ങളായ രതീഷ് കാട്ടുമാടം, കെ.സുനിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സതീശന്‍ വെള്ളച്ചാല്‍, ബി.സാവിത്രി, ഡി.ശിവപ്രഭ എന്നിവര്‍ സംസാരിച്ചു. അകാലത്തില്‍ അന്തരിച്ച, ചുമട്ട് തൊഴിലാളി യൂണിയന്റെ കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരുന്ന നീലേശ്വരം പാലായിയിലെ കെ.വി കൃഞ്ഞിക്കൃഷ്ണന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍ വായനശാലയിലേക്ക് സംഭാവന നല്‍കിയ അമ്പതോളം പുസ്തകങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റും മുഖ്യാതിഥിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇത് കൂടാതെ കുട്ടികളടക്കമുള്ള മറ്റ് പലരും വായനശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് കരിയ സ്വാഗതവും, രാഹുല്‍ കരിയ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ലഘുഭക്ഷണ വിതരണവും ക്വിസ്സ് മത്സരവും നടത്തി. വായനശാലയുടെ പ്രഥമ പ്രസിഡന്റായി ബിജിത ഉദയകുമാറിനേയും, സെക്രട്ടറിയായി വി.ഗിരീഷിനേയും, ഖജാന്‍ജിയായി അജിഷ കരുണാകരനേയും, വൈസ് പ്രസിഡണ്ടായി രാഹുല്‍ കരിയയേയും, ജോ.സെക്രട്ടറിമാരായി ശില്പ്പ രവീന്ദ്രനേയും, നിധിന്‍ കരിയയേയും തിരഞ്ഞെടുത്തു.

error: Content is protected !!