local news

സേവന പാതയില്‍ വേറിട്ട മാതൃകയായി ഫ്രണ്ട്‌സ് ക്ലബ്; കാടുമൂടിയ റോഡ് ശുചീകരിച്ചു

പെരിയങ്ങാനം: സേവന വഴിയില്‍ വേറിട്ട മാതൃകയുമായി നാടിന് വെളിച്ചമേകുകയാണ് പെരിയങ്ങാനത്തെ ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. കുമ്പളപ്പള്ളി മുതല്‍ പെരിയങ്ങാനം റേഷന്‍കട വരെയുള്ള പ്രധാന റോഡിന്റെ ഇരുവശവും കാടുമൂടിക്കിടന്നിട്ട് കാലമേറെയായി. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ചെറുപ്പക്കാര്‍ പണിയായുധങ്ങളുമായി റോഡിലിറങ്ങിയത്. ക്ലബ്ബിന്റെ നേതൃത്വത്തില്‍ 25-ഓളം ചെറുപ്പക്കാര്‍ കാടുകൊത്തുന്ന യന്ത്രവും കത്തികളുമായി റോഡിന്റെ ഇരുവശവും പടര്‍ന്നുപന്തലിച്ചു നിന്ന കാടുകള്‍ വെട്ടിമാറ്റി. റോഡരികില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തു. കലാപരമായും കായികപരമായും നാട്ടിലെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബ് ചികിത്സാ സഹായങ്ങളും മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങളുമായി നേരത്തെ തന്നെ ജനമനസ്സില്‍ ഇടം നേടിയിട്ടുണ്ട്. കേരളപ്പിറവി ദിനത്തിലാണ് ഇത്തരമൊരു ശുചീകരണ പ്രവര്‍ത്തനവുമായി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. റോഡിന് ഇരുവശവും താമസിക്കുന്ന നാട്ടുകാരുടെ പിന്തുണയും സഹകരണവും ഉദ്യമത്തിന് ഉണ്ടായിരുന്നു. ക്ലബ് സെക്രട്ടറി സുധീഷ്, പ്രസിഡന്റ് അജേഷ്, പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, മനേഷ്, അജിത്ത്, ഹരിഹരന്‍, ജിനീഷ്, സുധീഷ് ബാബു, അതുല്‍രാജ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!