ലോഡ്ജില്‍ എം.ഡി.എം.എ; യുവതിയും യുവാവും അറസ്റ്റില്‍; ബേള കടമ്പാര്‍ സ്വദേശി ഷെരീഫ , കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളം സ്വദേശി പൂമാടത്ത് ഹൗസിലെ മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്

കാസര്‍കോട്: നഗരത്തിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ 0.53 ഗ്രാം എം.ഡി.എം.എയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയിലായി. ബേള കടമ്പാര്‍ സ്വദേശി ഷെരീഫ (35), കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളം സ്വദേശി പൂമാടത്ത് ഹൗസിലെ മുഹമ്മദ് റാഫി (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാര്‍കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും സഹായത്തോടെ ടൗണ്‍ എസ്.ഐ പി.വി. മനുവും സംഘവുമാണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. ലോഡ്ജില്‍ മയക്കുമരുന്നുമായി സംഘം എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. യുവതിയുടെ പാന്റ്സിന്റെ പോക്കറ്റില്‍ സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ഡോറിന്റെ ബെല്ലടിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന റാഫിയാണ് ഇത് പോക്കറ്റില്‍ ഇട്ടതെന്ന് പറഞ്ഞ് യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. മയക്കുമരുന്ന് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മാങ്ങാട് സ്വദേശി അനസില്‍ നിന്ന് 3000 രൂപയ്ക്ക് വാങ്ങിയതാണെന്ന് റാഫി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. ഇരുവര്‍ക്കെതിരെയും കേസെടുത്ത പോലീസ് ലോഡ്ജിലെ മുറിയിലുണ്ടായിരുന്ന പാസ്പോര്‍ട്ട്, അഞ്ച് മൊബൈല്‍ ഫോണുകള്‍, പണം എന്നിവ കസ്റ്റഡിയിലെടുത്തു.റെയ്ഡിന് പിന്നാലെ യുവതി താമസിക്കുന്ന കുണിയയിലെ ക്വാര്‍ട്ടേഴ്സിലും പോലീസ് പരിശോധന നടത്തി. അവിടെ നിന്ന് ഒഴിഞ്ഞ സിപ് ലോക്ക് കവറുകള്‍ മാത്രമാണ് ലഭിച്ചത്. റാഫിക്കെതിരെ ചന്തേര, കുമ്പള സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഡാന്‍സാഫ് ടീം അംഗങ്ങളും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, ഷിജു, സി.പി.ഒമാരായ സിമിമോള്‍, ജെയിംസ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

