നീലേശ്വരം രാജാസിന് അഭിമാന നിമിഷം: മഹാത്മജിയുടെ കയ്യൊപ്പിന് നൂറ്റാണ്ടിന്റെ നിറവ്

നീലേശ്വരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടിന് നൂറ്റാണ്ട് തികയുന്നതിന്റെ നിറവില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയം. 1927 ഒക്ടോബര്‍ 26-ന് മംഗലാപുരത്തേക്കുള്ള യാത്രാമധ്യേ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, തന്നെ കാണാനെത്തിയ രാജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്വന്തം കൈപ്പടയില്‍ കുറിച്ചുനല്‍കിയ സന്ദേശത്തിന് 100 വര്‍ഷം തികയുകയാണ്. രാജാസിന്റെ മക്കള്‍ ഇന്നുവരെ നിധിപോലെ കാത്തുസൂക്ഷിക്കുന്ന ആ ചരിത്ര കയ്യൊപ്പിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ വിദ്യാലയം തീരുമാനിച്ചു. ഒക്ടോബര്‍ 26 ന് രാവിലെ 9 മണി മുതല്‍
ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പടിഞ്ഞാറ്റംകൊഴുവല്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് സ്മൃതി മണ്ഡപത്തില്‍ നിന്ന് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിലേക്ക് പദയാത്ര നടത്തും. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, പൂര്‍വ അധ്യാപകര്‍, സാംസ്‌കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പദയാത്രയില്‍ പങ്കെടുക്കും. റെയില്‍വേ സ്റ്റേഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
പദയാത്രയ്ക്ക് ശേഷം നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയ മുറ്റത്ത് ഉദ്ഘാടന സമ്മേളനം നടക്കും.

