പെരിയ: പശ്ചിമഘട്ട വനങ്ങളില്‍ മാത്രം പൊതുവെ കാണപ്പെടുന്ന ഹനുമാന് കുരങ്ങ് നാട്ടിലിറങ്ങി. പെരിയ, ആയമ്പാറ, ഉരുളംകോടി പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചയോടെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ഹനുമാന് കുരങ്ങ് പ്രത്യക്ഷപ്പെട്ടത്. നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വമായി മാത്രം കാണുന്ന ഈ ഇനം കുരങ്ങ് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമല്ല. ഗോവ, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനങ്ങളിലാണ് ലംഗൂര്‍ എന്നും അറിയപ്പെടുന്ന ഹനുമാന് കുരങ്ങിനെ സാധാരണ കാണാറുള്ളത്. കാസര്‍കോട് ജില്ലയില്‍ ഇരിയണ്ണി, റാണിപുരം വനമേഖലകളിലാണ് ഇവയുടെ സാന്നിധ്യം ഉള്ളത്. ഈ ഭാഗങ്ങളില്‍ നിന്ന് കൂട്ടം തെറ്റി വഴിതെറ്റി എത്തിയതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം. കറുത്ത മുഖവും നരച്ച ശരീരവും നീളമുള്ള വാലുമുള്ള ഹനുമാന് കുരങ്ങ് മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടി നടക്കുന്നത് കാണാന്‍ സാധിച്ചത്. സാധാരണ കാണുന്ന സാധാ കുരങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി ശാന്തപ്രകൃതക്കാരാണ് ഇവ. സൈലന്റ് വാലിയാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം. വനത്തില്‍ നിന്ന് നാട്ടിലെത്തിയ കുരങ്ങിന് ശല്യമുണ്ടാക്കരുതെന്നും ഉപദ്രവിക്കരുതെന്നും നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
