മാവുങ്കാല്‍: വൈദ്യുത വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും മാവുങ്കാല്‍ സബ് സ്റ്റേഷന് കീഴിലെ കെഎസ്ഇബി ചാര്‍ജിങ് സ്റ്റേഷന്‍ രണ്ടു വര്‍ഷമായി തകരാറില്‍ തുടരുന്നത് ഇ-വാഹന ഉടമകളെ ദുരിതത്തിലാക്കുന്നു.കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയിലെ ഏക ചാര്‍ജിങ് സ്റ്റേഷനായ ആനന്ദാശ്രമത്തിന് സമീപത്തെ സ്റ്റേഷനാണ് കാടുകയറി നോക്കുകുത്തിയായി കിടക്കുന്നത്. ഒരുകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്റ്റേഷന്‍ തകരാറിലായിട്ട് രണ്ടു വര്‍ഷമായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ കെഎസ്ഇബിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. സംസ്ഥാന സര്‍ക്കാര്‍ ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചതായിരുന്നു ഈ ചാര്‍ജിങ് സ്റ്റേഷന്‍. തുടക്കത്തില്‍ നിരവധി പേര്‍ ഇവിടെ നിന്ന് സേവനം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതോടെ പിന്നീട് തുറന്നിട്ടില്ല. ചാര്‍ജിങ് സ്റ്റേഷന്‍ ഉണ്ടെന്നറിഞ്ഞ് ദൂരയാത്രയ്ക്കിടെ എത്തുന്ന വാഹന ഉടമകള്‍ നിരാശരായി മടങ്ങുകയാണ് പതിവ്. ഗൂഗിള്‍ മാപ്പിലും കെഎസ്ഇബിയുടെ ആപ്പിലും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതായി കാണിക്കുന്നതിനാല്‍ പലരും ഇതില്‍ വിശ്വസിച്ച് എത്തുന്നു. പലപ്പോഴും ചാര്‍ജ് തീര്‍ന്ന് സ്റ്റേഷനിലെത്തുന്ന വാഹനങ്ങള്‍ കെട്ടിവലിച്ചു കൊണ്ടുപോകേണ്ട സ്ഥിതിവരെയുണ്ടാകുന്നു. കാഞ്ഞങ്ങാട് നഗരപരിസരത്ത് സ്വകാര്യ മേഖലയില്‍ ആരംഭിച്ച ചാര്‍ജിങ് സ്റ്റേഷനുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനത്തിന് ഈ ദുരവസ്ഥ എന്നതും ശ്രദ്ധേയമാണ്. സ്വകാര്യ സ്റ്റേഷനുകളില്‍ കൂടിയ നിരക്ക് നല്‍കി ചാര്‍ജ് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് സാധാരണക്കാരായ ഇ-വാഹന ഉടമകള്‍. പാതയോരത്ത് ഏറെ ആവശ്യമുള്ള ഈ സ്റ്റേഷന്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് വൈദ്യുത വാഹന ഉപഭോക്താക്കളുടെയും യാത്രക്കാരുടെയും ആവശ്യം.
