കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന വിപുലീകൃത സംസ്ഥാന സമിതിയില്‍ തിരുത്തല്‍ നടപടിയുമായി സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വന്‍ അഴിച്ചുപണി നടത്തി പുനസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളായ പി ജയരാജന്, വി ശിവന്‍കുട്ടി, എംബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയാണ് പുനസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി.
കൂടുതല്‍ ജനകീയ മുഖങ്ങളെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന നീക്കത്തിന്റെ ഭാഗാമായാണ് ഇപ്പോഴത്തെ പുനസംഘടനയെന്നാണ് കരുതുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിനൊപ്പം സംസ്ഥാന സമിതിയും പുനസംഘടിപ്പിച്ചു. സമിതിയില്‍ ഒമ്പത് പുതിയ അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ഒഎസ് അംബിക, എം വിജിന്, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ് എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാര്‍ട്ടി ശാസന നല്‍കിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്നാണ് തോമസ് ഐസക്കിനെ സെക്രട്ടറയേറ്റില്‍ നിന്ന് ഒഴിവാക്കിയതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ഉടച്ചുവാര്‍ക്കാന്‍ സിപിഎം; പി ജയരാജനും ശിവന്‍കുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റില്‍
