അംഗീകാരത്തേക്കാള്‍ വലുത് വായനക്കാരുടെ തിരിച്ചറിവ്: സുകുമാരന്‍ ചാലിഗദ്ധ അസമ കാസര്‍കോട് ജില്ല മലയാള അധ്യാപക സംഗമം നടന്നു

കാഞ്ഞങ്ങാട്: എത്ര മികച്ച രീതിയില്‍ എഴുതിയാലും സ്വന്തം നാട്ടില്‍നിന്ന് അംഗീകാരം ലഭിക്കണമെന്നില്ലെന്നും അതേസമയം മറുനാട്ടുകാര്‍ എഴുത്തിനെ സ്വീകരിക്കുകയും എഴുത്തുകാരനെ തിരിച്ചറിയുകയും ചെയ്യുന്നത് വലിയ അംഗീകാരമാണെന്നും ഗോത്രകവി സുകുമാരന്‍ ചാലിഗദ്ധ. പുരസ്‌കാരങ്ങളെക്കാളും അംഗീകാരങ്ങളെക്കാളും വലുത് സാധാരണ ജനങ്ങള്‍ എഴുത്തുകാരനെയും എഴുത്തിനെയും തിരിച്ചറിയുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്മ അസമ സംഘടിപ്പിച്ച കവിതയിലെ ഗോത്രപ്പെരുമ എന്ന സര്‍ഗ്ഗസംവാദത്തില്‍ അധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കവി . പത്താം ക്ലാസ് പാഠപുസ്തകത്തില്‍ സുകുമാരന്‍ ചാലിഗദ്ധ റാവുള ഗോത്രഭാഷയില്‍ എഴുതിയ കെത്തളു എന്ന കവിത പഠിക്കാനുണ്ട്. കവിത എഴുതാനുണ്ടായ സാഹചര്യം, കവിതയിലെ ബിംബകല്പനകള്‍ മുതലായവ കവി വിവരിച്ചു. പരിസ്ഥിതിയെ ശുചിയായി നിലനിര്‍ത്തുന്നതില്‍ പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കും നിര്‍ണായക സ്ഥാനമുണ്ടെന്ന് .അദ്ദേഹം പറഞ്ഞു. സ്വന്തം നാടും ഗോത്രവും കാലക്രമത്തില്‍ അന്യംനിന്നുപോയാലും എഴുത്തിലൂടെ, ഭാഷയിലൂടെ അവയുടെ ചരിത്രവും സംസ്‌കാരവും ജീവിതാനുഭവങ്ങളും വരുംതലമുറയ്ക്കായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സുകുമാരന്‍ ചാലിഗദ്ധ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയായ ‘അസമ’യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സാര്‍ഗ്ഗ സംവാദത്തില്‍ ഗോത്രജീവിതം, പ്രകൃതി, ഭാഷ, സംസ്‌കാരം, എഴുത്ത് എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായി. ടി.അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ എ.ഇ.ഒ രമേശന്‍ പുന്നത്തിരിയന്‍ ആമുഖ ഭാഷണം നടത്തി. സര്‍ഗ്ഗ സംവാദത്തില്‍ ടി.വി സതീഷ് ബാബു, ഊര്‍മ്മിള ഉണ്ണി എന്നിവര്‍ മോഡറേറ്ററായിരുന്നു. പി.ജി രാജീവന്‍ സ്വാഗതവും മാര്‍ട്ടിന്‍ ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ എം.രമ്യ, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, പി.ജി രാജീവന്‍, അനൂപ് പെരിയല്‍, പി.പി ജയശ്രീ, ദീപ രാജീവ്, എം.കെ പ്രിയ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

 

error: Content is protected !!