കരിന്തളം: നിലേശ്വരം-ചിറ്റാരിക്കാല്‍ പ്രധാന റോഡില്‍ കരിന്തളം മുതല്‍ കോയിത്തട്ട വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാട്ടുചെടികളും കുറ്റിക്കാടുകളും പടര്‍ന്ന് പന്തലിച്ച് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
റോഡിന്റെ മാര്‍ജിന്‍ പൂര്‍ണമായും കാടുകയറി ഇല്ലാതായതോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ റോഡിലൂടെ തന്നെ നടക്കേണ്ട അവസ്ഥയിലാണ്. ഇത് വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. വളവുകളിലും മറ്റും റോഡിലേക്ക് തള്ളി നില്ക്കുന്ന ചെടികള്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നുണ്ട്. എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തത് അപകടത്തിന് കാരണമാകുന്നു. രാത്രികാലങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. അപകട സാധ്യത മനസ്സിലാക്കി കരിന്തളം ഉദയ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഈ ഭാഗത്ത് താല്‍ക്കാലിക അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
റോഡിന്റെ വശങ്ങള് വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
