പരപ്പ: നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന പരപ്പ സ്കൂള്‍ വരാന്തയില്‍ സമീപത്തെ ചിക്കന്‍ സെന്ററുകളിലെയും മീന്‍ മാര്‍ക്കറ്റിലെയും മാലിന്യങ്ങള്‍. ഇന്ന് രാവിലെ സ്കൂളിലെത്തിയ അധ്യാപകരും കുട്ടികളുമാണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ വരാന്തയില്‍ ചിതറിക്കിടക്കുന്നതും തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്നതും കണ്ടത്. ചിക്കന്‍ അവശിഷ്ടങ്ങളും മീന്‍ മാലിന്യങ്ങളുമാണ് ഇവിടെ തള്ളിയിരിക്കുന്നത്.
ചിക്കന്‍ കടകളിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാതെ രാത്രിയുടെ മറവില്‍ റോഡരികിലും സ്കൂള്‍ പരിസരത്തും കൊണ്ടുവന്ന് തള്ളുന്നതാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടെ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധവും ഈച്ച ശല്യവും രൂക്ഷമാണ്. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതും കുട്ടികള്‍ക്ക് ഭീഷണിയാകുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയുംനാട്ടുകാരുടെയും ആവശ്യം.
