വികസന പദ്ധതികള്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സി.പി.എം പ്രതിഷേധം

നീലേശ്വരം: നീലേശ്വരത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സി.പി.ഐ(എം) നീലേശ്വരം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ കോണ്‍വെന്റ് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം-ഇടത്തോട് റോഡ് വികസനം ഉള്‍പ്പെടെയുള്ള വിവിധ വികസനപദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികള്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

നീലേശ്വരം-ഇടത്തോട് റോഡ് നവീകരണത്തിന് 28 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും ടെണ്ടര്‍ തുറക്കാന്‍ അനുവദിക്കാത്ത സാഹചര്യം തുടര്‍നടപടികള്‍ വൈകുന്നതിന് ഇടയാക്കി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. റോഡ് വികസനം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് സി.പി.ഐ(എം) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം വി.കെ. രാജന്‍, പാറക്കോല്‍ രാജന്‍, വി. പ്രകാശന്‍, ടി.വി. ശാന്ത എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം. രാജന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!