കാഞ്ഞങ്ങാട്, കാസര്‍കോട് നഗരങ്ങളില്‍ പരിശോധന; 188 ലിറ്റര്‍ ഉപയോഗിച്ച പാചക എണ്ണ നീക്കം ചെയ്തു

കാസര്‍കോട്: സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തെളിമ’യുടെ ഭാഗമായി കാസര്‍കോട്, കാഞ്ഞങ്ങാട് ടൗണ്‍ മേഖലകളില്‍ രണ്ട് ദിവസങ്ങളിലായി പ്രത്യേക പരിശോധന നടത്തി. ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്നതും സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കാസര്‍കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ സംഗീത് എസ് – ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവിധ ഭക്ഷ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 188 ലിറ്റര്‍ ഉപയോഗിച്ച പാചക എണ്ണ കണ്ടെത്തി നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് നീക്കം ചെയ്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയ 21 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

error: Content is protected !!