കാഞ്ഞങ്ങാട്: എന്ജിന് തകരാറിനെ തുടര്‍ന്ന് ഗുഡ്സ് ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പാളത്തില്‍ കുടുങ്ങിയതോടെ മലബാര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം രണ്ടുമണിക്കൂര്‍ സ്തംഭിച്ചു. നാഗര്‍കോവില്‍ – മംഗളൂരു എറണാട് എക്സ്പ്രസ് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്റ്റേഷനിലെ പ്രധാന പാളത്തില്‍ വെച്ച് ഗുഡ്സ് ട്രെയിനിന്റെ എന്ജിന് പണിമുടക്കുകയായിരുന്നു. ഇതോടെ പിറകെ എത്തിയ എറനാട് എക്സ്പ്രസ് കാഞ്ഞങ്ങാട് രണ്ടാം പ്ലാറ്റ്ഫോമില്‍ പിടിച്ചിടേണ്ടി വന്നു. പിറകെ വന്ന കോയമ്പത്തൂര്‍ പാസഞ്ചര്‍, ബംഗളൂരു സിറ്റി, എഗ്മോര്‍ എക്സ്പ്രസുകളും വഴിയില്‍ കുടുങ്ങി. പിന്നീട് മംഗളൂരുവില്‍ നിന്ന് മറ്റൊരു എന്ജിന് എത്തിച്ച് ഗുഡ്സ് ട്രെയിന്‍ വലിച്ചുമാറ്റിയതോടെ വൈകിട്ട് 6.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.
