കാഞ്ഞങ്ങാട്: ഗണിതത്തിലും പൊതുവിജ്ഞാനത്തിലും അസാമാന്യ മികവ് പ്രകടിപ്പിച്ച കാഞ്ഞങ്ങാട് നാലപ്പാടം സ്വദേശിയായ റയാന്‍ രജിത്തിന് ‘ഐബിആര്‍ അച്ചീവര്‍’ അംഗീകാരം. അഞ്ചാം വയസ്സില്‍ കൈവരിച്ച വിവിധ പഠനനേട്ടങ്ങളാണ് റയാനെ ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്.
2021 ജൂലൈ 14ന് ജനിച്ച റയാന്‍ ഒന്നു മുതല്‍ 256 വരെയുള്ള സംഖ്യകള്‍ ക്രമത്തില്‍ എണ്ണുന്നതിനൊപ്പം 1000 മുതല്‍ ഒന്നു വരെ പിന്നോട്ടും കൃത്യമായി എണ്ണും. ആകാശഗോളങ്ങളുമായി ബന്ധപ്പെട്ട 50 പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും നൂറുവരെയുള്ള ഒറ്റസംഖ്യകളും ഇരട്ടസംഖ്യകളും തിരിച്ചറിയാനും ഈ കൊച്ചുമിടുക്കന് കഴിയും.ഒന്നു മുതല്‍ പത്തുവരെയുള്ള ഗുണനപ്പട്ടികകള്‍ അനായാസം ചൊല്ലുന്ന റയാന്‍, 50 ഇംഗ്ലീഷ് വിപരീതപദങ്ങളും ഓര്‍മയില്‍നിന്ന് പറയാറുണ്ട്. മാനസിക അബാക്കസ് ഉപയോഗിച്ച് ഒറ്റയക്കവും രണ്ടക്കവുമുള്ള സംഖ്യകള്‍ ഉള്‍പ്പെട്ട 20 സങ്കലന-വ്യവകലന ക്രിയകള്‍ പരിഹരിക്കാനും, പതിമൂന്ന് അക്കങ്ങളോ അതില്‍ കൂടുതലോ ഉള്ള ഏതു വലിയ സംഖ്യകളുടെയും സങ്കലനവും വ്യവകലനവും കൃത്യമായി ചെയ്യാനുള്ള കഴിവും റയാനുണ്ട്.
പഠനരംഗത്തോടൊപ്പം കായികരംഗത്തും റയാന്‍ മികവ് തെളിയിച്ചിട്ടുണ്ട്. 2025ലെ കണ്ണൂര്‍ ജില്ലാ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം വയസ്സില്‍ ഇന്‍ലൈന്‍ സ്‌കേറ്റിംഗ് വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.
ചെറുപ്രായത്തില്‍ത്തന്നെ സംഖ്യകളോടും പൊതുവിജ്ഞാനത്തോടും പ്രകടിപ്പിച്ച ഈ അപൂര്‍വ അഭിരുചി 2026 ആഗസ്റ്റ് എട്ടിനാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റയാന്റെ ശ്രദ്ധ, ഓര്‍മശക്തി, ഗണിതാഭിരുചി എന്നിവയ്ക്കുള്ള അംഗീകാരമായാണ് ‘ഐബിആര്‍ അച്ചീവര്‍’ നേട്ടം വിലയിരുത്തപ്പെടുന്നത്.
കാഞ്ഞങ്ങാട് നാലപ്പാടം സ്വദേശിയും മര്‍ച്ചന്റ് നേവിയില്‍ ചീഫ് ഓഫീസറുമായ രജിത്ത് കുമാറിന്റെയും, പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയും അധ്യാപികയുമായ ദില്‍നയുടെയും മകനാണ് റയാന്‍. നിലവില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്‍.
