കാസര്‍കോട്: ശ്വാസകോശ സംബന്ധമായ തകരാറ് സംഭവിച്ച നവജാത ശിശുവിന് ആധുനിക ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി കാസര്‍കോട് ആസ്റ്റര്‍ മിംസിലെ വിദഗ്ദ്ധ മെഡിക്കല്‍ സംഘം. പ്രസവസമയത്ത് ഗര്‍ഭപാത്രത്തിലുണ്ടായ സമ്മര്‍ദ്ദം മൂലം കുഞ്ഞ് വിസര്‍ജ്യം ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കുന്ന അവസ്ഥയായ മെക്കോണിയം ആസ്പിരേഷന്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിനെയാണ് ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആശുപത്രിയിലെ നിയോനാറ്റോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് അതിസങ്കീര്‍ണ്ണമായ ഈ അവസ്ഥയില്‍ നിന്ന് കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ പ്രത്യേക സൗകര്യങ്ങളുള്ള എന്‍.ഐ.സി.യു ആംബുലന്‍സിന്റെയും ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്ററിന്റെയും സഹായത്തോടെ മെഡിക്കല്‍ സംഘം അതിവേഗം കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ എത്തിക്കുകയായിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ചുണ്ടാകുന്ന സമ്മര്‍ദമോ മറ്റ് ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴോ ആണ് കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ വിസര്‍ജ്ജനം നടത്തുകയും അത് ശ്വാസകോശത്തില്‍ എത്തുകയും ചെയ്യുന്നതാണ് ഈ അവസ്ഥക്ക് കാരണം. ഇത് കുഞ്ഞിന്റെ ശ്വാസകോശ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്നു.
ശ്വസനതടസ്സം കാരണം അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സങ്കീര്‍ണ്ണവും എന്നാല്‍ അത്യാധുനികവുമായ ചികിത്സാരീതികളാണ് നിയോനറ്റോളജിസ്റ്റ് ഡോ. ചൈത്രയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അവലംബിച്ചത്. ശ്വാസകോശത്തില്‍ വിസര്‍ജ്യം അടിഞ്ഞുകൂടി ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെ കുഞ്ഞിന്റെ ശ്വാസകോശത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു. ഇതിനായി സാധാരണ വെന്റിലേറ്ററുകള്‍ക്ക് പകരം അധികമായി ശ്വാസമെടുക്കാന്‍ സഹായിക്കുന്ന പ്രത്യേക ഹൈ ഫ്രീക്വന്‍സി ഓസിലേറ്ററി വെന്റിലേറ്റര്‍ ഉപയോഗിച്ച് കുഞ്ഞിന്റെ ശ്വാസകോശത്തെ താങ്ങിനിര്‍ത്തിയത്. തുടര്‍ന്ന് ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയിലൂടെ നല്‍കുന്ന നൈട്രിക് ഓക്‌സൈഡ് വാതകം ശ്വാസകോശത്തിലെ ചുരുങ്ങിപ്പോയ രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഓക്‌സിജന്‍ രക്തത്തിലേക്ക് ശരിയായ രീതിയില്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്തു.
അത്യാധുനിക സാങ്കേതികവിദ്യയും നിരന്തരമായ തീവ്രപരിചരണവും ചേര്‍ന്നതോടെ കുഞ്ഞിന്റെ ശ്വസനപ്രക്രിയ പൂര്‍ണ്ണമായും സാധാരണ നിലയിലാവുകയായിരുന്നു. നിയോനാറ്റോളജി വിഭാഗം ഡോ. ഉദയ് ശ്രീനിവാസ്, പീഡിയാട്രിക് വിഭാഗം ഡോ. മുഹമ്മദ് നബീല്‍, ഡോ. ജുമാന മെഹജാബിന്‍, പീഡിയാട്രിക് ഇന്റെര്‍വെന്‍ഷനിസ്റ്റ് അപര്‍ണ .കെ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. ചികത്സക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായ കുഞ്ഞ് ആശുപത്രി വിട്ടു.
ഗര്‍ഭകാലത്തും പ്രസവസമയത്തും അമ്മയ്ക്കും കുഞ്ഞിനും അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കാസര്‍കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി പ്രതികരിച്ചു. പ്രസവസമയത്ത് ഏത് നിമിഷവും സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജീവന്‍ രക്ഷിക്കാനും ഏറ്റവും മികച്ച നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആശുപത്രികളില്‍ സജ്ജമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയില്‍ കാസര്‍കോട് ജില്ല നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് കാസറഗോഡ് ആസ്റ്റര്‍ മിംസ് ലക്ഷ്യമാക്കുന്നത്. ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സയ്ക്കായി വിദൂര നഗരങ്ങളെ ആശ്രയിക്കാതെ അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ കാസര്‍ഗോഡ് തന്നെ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ വിജയമാണ് ഈ നേട്ടമെന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.
