വെള്ളരിക്കുണ്ട്: ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അഖില്‍ ജോയന്റെ മൃതദേഹം ജന്മനാട്ടിലെ വീട്ടിലെത്തി. യുക്രൈന് തീരത്ത് റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന് അഖില്‍ ജോയന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെള്ളരിക്കുണ്ട് എ കെ ജി നഗറിലെ വീട്ടിലെത്തിച്ചത്. അഖിലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന്, മുന്‍ എംഎല്‍എ എം. രാജഗോപാല്‍ തുടങ്ങി നിരവധി പ്രമുഖരും നാട്ടുകാരും ബന്ധുക്കളും എത്തി. പൊതുദര്‍ശനത്തിന് ശേഷം സംസ്കാര ശുശ്രൂഷകള്‍ നടന്നു.
ജൂലൈ 19നാണ് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശിയായ 26കാരന് അഖില്‍ ജോയല്‍ കൊല്ലപ്പെട്ടത്. യുക്രൈന് ഒഡേസ തീരത്ത് ‘ഗോള്‍ഡന്‍ ലിയോ’ എന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തിലായിരുന്നു ദുരന്തം. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുള്‍പ്പെടെ പത്ത് പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആകെ 17 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. യുക്രൈന് സ്വദേശിയായ പൈലറ്റും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ജോയല്‍-സാലി ദമ്പതികളുടെ ഏക മകനായിരുന്നു അഖില്‍. വിവാഹം നിശ്ചയിച്ച ശേഷമായി
അഖില്‍ ജോലിസ്ഥലത്തേക്ക് പോയത്. അവധിക്ക് നാട്ടിലെത്തി മടങ്ങിയിട്ട് ഒരു മാസം മാത്രം പിന്നിട്ടപ്പോഴായിരുന്നു മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്തുവരികയായിരുന്നു അഖില്‍. കടലിന്റെ വിശാലതയിലേക്ക് യാത്ര ചെയ്ത ആ യുവാവിന് ജീവിതത്തില്‍ ഇനിയും ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു. അവയെല്ലാം ഒരു നിമിഷം കൊണ്ട് നിലച്ചുപോയി. മര്‍ച്ചന്റ് നേവിയിലെ ജോലിക്കൊപ്പം കായികരംഗത്തും അഖില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. പ്ലസ് ടു പഠനത്തിനിടെ വടംവലി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ അംഗമായിരുന്നു. ഒരുതവണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും വിജയം നേടി. റോപ് പുള്അപ്പിലും അഖില്‍ വേറിട്ട നേട്ടം സ്വന്തമാക്കിയിരുന്നു. 30 സെക്കന്‍ഡില്‍ 25 തവണ റോപ് പുള്‍അപ്പ് ചെയ്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിരുന്നു.
