വീട് വാറ്റ് കേന്ദ്രമാക്കിയ വീട്ടുടമസ്ഥന്‍ അറസ്റ്റില്‍

നീലേശ്വരം: സ്വന്തം വീട് വാറ്റ് കേന്ദ്രമാക്കിയ കേസില്‍ വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. വെള്ളരിക്കുണ്ട് കനകപ്പള്ളി തട്ട് സ്വദേശി കെ. കുഞ്ഞികൃഷ്ണന്‍ (54) ആണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വാറ്റ് ചാരായവും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും പിടികൂടി.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് 100 ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ വാറ്റ് ചാരായവും കണ്ടെത്തിയത്.
തൊണ്ടി സാധനങ്ങളും പ്രതിയെയും തുടര്‍നടപടികള്‍ക്കായി നീലേശ്വരം എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. റീന, പ്രശാന്ത് കുമാര്‍, അനീഷ് കുമാര്‍, വിപിന്‍കുമാര്‍, ഡ്രൈവര്‍ ശ്രീജേഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

 

error: Content is protected !!