ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ രചിച്ച് അജാനൂര്‍ സി.ഡി.എസിലെ സൂര്യകാന്തി, തുളസി ജെ.എല്‍ ജി ഗ്രൂപ്പുകള്‍; അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഓണക്കാലം എത്തിയത്തോടെ നാടന്‍ പൂക്കള്‍ക്ക് എങ്ങും ആവശ്യക്കാര്‍ ഏറെയാണ്. ഈ ആവശ്യകത ഏറെ അനുഗ്രഹമാവുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്. അജാനൂര്‍ കുടുംബശ്രീ മോഡല്‍ സി.ഡി.എസിലെ സൂര്യകാന്തി, തുളസി ജെ. എല്‍ ജി ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്ന് രാവണേശ്വരം തെക്കേ പള്ളത്തെ പാടത്ത് വിരിയിച്ചത് വര്‍ണ്ണ വസന്തം തന്നെയാണ്. പൂപ്പാടത്ത് മഞ്ഞ ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി വിളഞ്ഞു നില്‍ക്കുന്നത് ഏവര്‍ക്കും നയനാനന്ദകരമായ കാഴ്ചയാണ് നല്‍കുന്നത്. അജാനൂര്‍ സി. ഡി എസ്, കൃഷിഭവന്‍ എന്നിവ നല്‍കിയ ചെണ്ടുമല്ലി തൈകള്‍ ഉപയോഗിച്ചാണ് ഇവര്‍ വര്‍ണ്ണ വസന്തം വിരിയിച്ചിരിക്കുന്നത്. 30 സെന്റ് സ്ഥലത്ത് ചെയ്ത കൃഷിയില്‍ നിന്നും 50 കിലോവിലധികം പൂക്കള്‍ ലഭിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. പൂക്കള്‍ വാങ്ങാനായി ആളുകള്‍ പൂപ്പാടത്ത് തന്നെ എത്തുന്നത് ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. കെ. ജ്യോതി, പി.
പൂര്‍ണ്ണിമ, പി.കമല, എസ്. പൂര്‍ണ്ണിമ എന്നിവരടങ്ങുന്ന സൂര്യകാന്തി ജെ. എ ല്‍.ജിയും കെ. വി. ഉഷ, സി.സരസ്വതി, ടി.അഞ്ചു, എന്‍. എ. പ്രീതി, കെ. വി സ്മിഷ എന്നിവരടങ്ങുന്ന തുളസി ജെ. എല്‍ ജിയുമാണ് ചെണ്ടുമല്ലി കൃഷിയുടെ അമരക്കാരായി പ്രവര്‍ത്തിച്ചത്. പൂപ്പാടത്ത് നടന്ന വിളവെടുപ്പ് ഉത്സവം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. അജാനൂര്‍ കൃഷി ഓഫീസര്‍ സന്തോഷ് ചാലില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. സുമതി നന്ദി പറഞ്ഞു.അഗ്രി സി. ആര്‍. പി. ശ്രുതി എ.ഡി.എസ്, സി.ഡി.എസ്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. വിളവെടുപ്പാ നന്തരം അജാനൂര്‍ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഓണപ്പൂക്കളം ഒരുക്കുന്നതിന് ആവശ്യമായ പൂക്കളും ഇവിടെ നിന്ന് തന്നെ വാങ്ങിയത് പൂകൃഷി ജെ. എല്‍. ജികളുടെ പ്രയത്‌നങ്ങള്‍ക്ക് പ്രോത്സാഹന ജനകമായി മാറി.

 

error: Content is protected !!