മണ്ണിനെ വിശ്വസിച്ചും കൃഷിയെ സ്നേഹിച്ചും പാർവതി : മികച്ച കുട്ടി കർഷക പുരസ്‌കാരനിറവിൽ എട്ടാം ക്ലാസ് വിദ്യാർഥിനി

പിലിക്കോട് : മണ്ണിനെ വിശ്വസിച്ചും കൃഷിയെ സ്നേഹിച്ചും എട്ടാം ക്ലാസ് വിദ്യാർഥിനി പാർവതി സി എ നേടിയത് പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച കുട്ടി കർഷകർക്കുള്ള വിദ്യാർഥി പുരസ്കാരം . പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കരക്കേരുവിലെ സി അശോകന്റെയും റെയിൽവെ ജീവനക്കാരി ബിന്ദുവിൻ്റെയും മകളായ പാർവതിക്കാണ് ഈ വർഷത്തെ കർഷക വിദ്യാർഥി പുരസ്കാരം . പിലിക്കോട് സി.കെ.എൻ എസ് എച്ച് എസ് എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ചെറുപ്പം മുതൽ തന്നെ പാർവതി മികച്ച കർഷകൻ കൂടിയായ അച്ഛൻ്റെ കൂടെ കൃഷിയിൽ സഹായിയായി. പിന്നീട് തനിയെ കൃഷി ചെയ്തു തുടങ്ങി. രാവിലെയും വൈകിട്ടും പഠനത്തിനു ശേഷം കൃഷി പരിപാലനം തന്നെയാണ് മുഖ്യ ജോലി. കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിലുള്ള മുട്ടക്കോഴി പരിപാലന പദ്ധതിയുടെ ഭാഗമായി അച്ഛൻ അശോകൻ വളർത്തുന്ന കോഴികളെ പരിപാലിക്കുന്നതിൽ പാർവതി എപ്പോഴും കൂടെയുണ്ടാകും. കോഴി പരിപാലനത്തോടൊപ്പം
ജൈവ കൃഷിയിലൂടെ വീട്ടാവശ്യത്തിനുള്ള വിവിധ പച്ചക്കറികൾ വിളയിക്കുന്നതിലും അവൾ സജീവമാണ്.കൃഷിക്ക് ആവശ്യമായ ജൈവ വളങ്ങളും ജൈവ കീടനാശിനിയും തയ്യാറാക്കുന്നതും പാർവതി തന്നെയാണ്. ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട്, കാരറ്റ് ഒഴികെ ഓരോ സീസണിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളിൽ
എല്ലാ ഇനങ്ങളും മികച്ച രീതിയിൽ കൃഷി ചെയ്യുന്നു. വിവിധ വലിപ്പത്തിലുള്ള ചെടിച്ചട്ടികളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ മഴക്കാലത്തും വേനൽക്കാലത്തും ഉല്പാദനം ഉറപ്പുവരുത്താൻ കഴിയുന്നുവെന്നാണ് പാർവതിയുടെ അഭിപ്രായം. മാതാപിതാക്കൾക്കു പുറമെ സ്കൂൾ അധ്യാപകരുടെ പ്രോത്സാഹനവും പാർവതിക്ക് ലഭിക്കുന്നുണ്ട്.

error: Content is protected !!