നീലേശ്വരം: അംഗത്തിന്റെ മരണശേഷം കുടുംബത്തിന് ആശ്വാസമേകാന്‍ 50,000 രൂപ ധനസഹായം നല്കുന്ന ‘സുകൃതം’ സഹായനിധി പദ്ധതിയുമായി നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷന്.
പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ വൈകിട്ട് 4 മണിക്ക് നീലേശ്വരം വ്യാപാര ഭവനില്‍ നടക്കും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് കെ.വി. സുരേഷ് കുമാര്‍ അധ്യക്ഷനായി. സുകൃതം സഹായനിധിയുടെ അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം നീലേശ്വരം നഗരസഭ ചെയര്മാന് പി.പി. മുഹമ്മദ് റാഫി നിര്‍വഹിക്കും. അംഗത്വ ഫോറം ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബ് ഉസ്മാന് ഏറ്റുവാങ്ങും.
അംഗങ്ങളില്‍ നിന്ന് ഒറ്റത്തവണ പ്രവേശന ഫീസ് മാത്രമാണ് ഈ പദ്ധതിക്കായി ഈടാക്കുന്നത്, പിന്നീട് യാതൊരു തുകയും ഈടാക്കില്ല.
കൂടാതെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ട്രേഡേഴ്സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്കീമിലൂടെ നീലേശ്വരത്തെ 500 ഓളം വ്യാപാരി കുടുംബങ്ങള്‍ക്ക് മരണശേഷം 5 ലക്ഷം രൂപ വരെ ലഭിക്കും. ഈ സ്കീമില്‍ അംഗത്വമുള്ളവര്‍ക്ക് 50,000 രൂപയും, സര്‍ക്കാര്‍ ക്ഷേമനിധിയില്‍ കൃത്യമായി വരിസംഖ്യ അടയ്ക്കുന്നവര്‍ക്ക് 40,000 രൂപയും അധികമായി ലഭിക്കും.
വ്യാപാരിയുടെ മരണത്തോടെ ഒരു കുടുംബവും അനാഥമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ അംഗങ്ങളെ പദ്ധതികളില്‍ ചേര്‍ക്കാന്‍ അസോസിയേഷന് ശ്രമം തുടരുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എ. വിനോദ് കുമാര്‍, ട്രഷറര്‍ മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡന്റുമാരായ എം. ജയറാം, സി.വി. പ്രകാശന്, സെക്രട്ടറി ശശിധരന് പാണ്ടിക്കോട് എന്നിവര്‍ പങ്കെടുത്തു.
