നബിദിനവും ഉത്രാടവും 25ന് : നഗരത്തിലെത്തുന്ന നബിദിന ഘോഷയാത്രകള്‍ 26 ലേക്ക് മാറ്റി

കാഞ്ഞങ്ങാട്: നബിദിന പരിപാടികള്‍ പ്രവാചകന്റെ മാതൃകകള്‍ക്കും സുന്നത്തുകള്‍ക്കും അനുസൃതമായിരിക്കണമെന്നും, നബിദിനവും ഉത്രാടവും ഈ മാസം 25 നാകയാല്‍ ഉത്ത്രാടത്തിരക്കും നബിദിന ഘോഷയാത്രകളും നഗരങ്ങളില്‍ ഒന്നിച്ചാകുന്നത് സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ പരിഗണിച്ച് കാഞ്ഞങ്ങാട് ടൗണ്‍ ഉള്‍പ്പെടെ നഗര പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന നബിദിനഘോഷയാത്രകള്‍ ഓഗസ്റ്റ് 26-ലേക്ക് മാറ്റാന്‍ പ്രസിഡന്റ് മുബാറക് ഹാസൈനാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സമ്പൂര്‍ണ്ണ യോഗം തീരുമാനിച്ചു. സംയുക്ത ജമാ അത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, അംഗ മഹല്ല് പ്രസിഡന്റ് ജനറല്‍ സെക്രെട്ടറിമാര്‍, ഖത്തീബുമാര്‍, മീലാദ് കമ്മിറ്റി ചെയര്‍മാന്‍,കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 26 തിരുവോണ ദിവസമാണെങ്കിലും ഓണ സദ്യയും മറ്റുമായി ആഘോഷങ്ങള്‍ ഗൃഹാന്തരീക്ഷത്തിലാകയാല്‍ ഉച്ചയോടെ അവസാനിക്കുന്ന ഘോഷ യാത്രകള്‍ ഓണാഘോഷത്തിന് തടസമാകില്ലെന്ന് യോഗം വിലയിരുത്തി.സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷന്‍ തൂഫാന്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നബിദിന പരിപാടിയോടനുബന്ധിച്ച് മഹല്ലുകളില്‍ പ്രതിജ്ഞയെടുക്കാനും യോഗം ആഹ്വാനം ചെയ്തു.25ന് ഗ്രാമ പ്രദേശങ്ങളിലും 26 ന് നഗരങ്ങളിലും നടക്കുന്ന ഘോഷ യാത്രകളിലെ വേഷം മുദ്രാവാക്യം മുതലായവ പ്രവാചക ചര്യയോട് നീതി പുലര്‍ത്തുന്നതാകണം. വഴിയാത്രക്കാര്‍ക്കോ വാഹന ഗതാഗതത്തിനോ തടസ്സമുണ്ടാക്കരുത്.
അനാവശ്യ വാദ്യഘോഷങ്ങള്‍ ഒഴിവാക്കണം ഒരേ സമയം ഒന്നിലധികം ഘോഷയാത്രകള്‍ ഒരേവഴിയിലൂടെ വന്ന് കൂട്ടിമുട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പരസ്പരം ബന്ധപ്പെട്ട് ക്രമീകരണം ഏര്‍പ്പെടുത്തണം. നബിദിന ജാഥകളില്‍ നല്‍കുന്ന മധുര പാനീയങ്ങള്‍ ആരോഗ്യകരവും പരിസര മലിനീകരണത്തിന് കാരണമാകാത്തതുമായിരിക്കണം.അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അവ വിതരണം ചെയ്യുന്നവര്‍ സംവിധാനമുണ്ടാക്കണം.കമ്മിറ്റി നിര്‍ദ്ദേശിച്ചു.
നബിദിന പരിപാടിയുടെ ഭാഗമായി മഹല്ലുകളില്‍ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിനോടൊപ്പം ലഹരി വിപത്തിനെതിരെയും സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയോട് ഐക്യപ്പെട്ടും അസംബ്ലി ചേര്‍ന്ന് പ്രതിജ്ഞയെടുക്കണം. മഹല്ല് ഭാരവാഹികളോ കമ്മിറ്റി പ്രതിനിധികളോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ജനങ്ങള്‍ ഏറ്റുചൊല്ലുകയും വേണം. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ നബിദിന സമ്മേളനം സെപ്റ്റംബറില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തി. മുന്‍ ജനറല്‍ സെക്രട്ടറി എം. മൊയ്തു മൗലവി ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ശരീഫ് എഞ്ചിനീയര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജാതിയില്‍ ഹസൈനാര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ എം.കെ അബൂബക്കര്‍ ഹാജി, പി.കെ അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.ബി കുട്ടി ഹാജി, ശരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, താജുദ്ദീന്‍ കമ്മാടം, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, മുന്‍ പ്രസിഡന്റ് സി. കുഞ്ഞാമദ് ഹാജി പാലക്കി തുടങ്ങിയവരും സംയുക്ത ജമാഅത്തിന് കീഴിലുള്ള മഹല്ലുകളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഖത്തീബുമാര്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മീലാദ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

error: Content is protected !!