ഭാരതീയ മസ്ദൂര്‍ സംഘത്തെ കേരളത്തില്‍ ശക്തമായി വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കരുത്തനായ നേതാവായിരുന്ന ജി.കെ.അജിത്ത് : ജയകുമാര്‍ നെല്ലിത്തറ

മടിക്കൈ :ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘത്തെ കേരളത്തില്‍ ശക്തമായി വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കരുത്തനായ നേതാവായിരുന്ന
ബി എം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ
കേരളത്തിന് നഷ്ടമായത് സര്‍വീസ് സംഘടനാ രംഗത്ത് ദേശീയ കാഴ്ചപ്പാടും ചിന്തയും വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവിനെയായിരുന്നുയെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് എംപ്ലോയീസ് സം ഘ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജയകുമാര്‍ നെല്ലിത്തറ പറഞ്ഞു.ബിഎംഎസ് മടിക്കൈ മേഖല കമ്മിറ്റി സംഘടിപ്പിച്ച ജി. കെ.അജിത് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ. എസ്. ആര്‍. ടി. സി. യില്‍ പ്രവര്‍ത്തിക്കുന്ന ബി. എം. എസ്. സംഘടനയായ കെ. എസ്. ടി. എംപ്ലോയീസ് സംഘിന്റെ സംസ്ഥാന അധ്യക്ഷനായി പന്ത്രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ച അദ്ദേഹം സംഘടനയെ തൊഴിലാളികള്‍ക്കിടയിലെ അനിഷേധ്യ ശക്തിയാക്കി മാറ്റുന്നതിലും ഹിത പരിശോധനയിലൂടെ സംഘടനക്ക് അംഗീകാരം നേടിയെടുക്കുന്നതിലും ക്രിയാത്മകമായ നേതൃത്വം നല്‍കി. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളിലൂടെ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തൊഴിലാളികളെ ഒപ്പം നിര്‍ത്തി പ്രതിരോധമുയര്‍ത്താനും തൊഴിലാളികളുടെ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും മുന്നില്‍ നിന്ന് പ്രക്ഷോഭം നയിക്കാനും പരിശ്രമിച്ച മാതൃകാ നേതാവായിരുന്നു ജി.കെ. അജിത്ത്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ മറവില്‍ ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെ തൊഴിലാളി വിരുദ്ധമായ ഒട്ടേറെ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരും മാനേജ്‌മെന്റും ശ്രമിച്ചപ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്തിയത് ജി. കെ. അജിത്തിന്റെ നേതൃത്വ മായിരുന്നു.സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തിയുക്തം പോരാടി കൊണ്ട് കെ എസ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഭാരതീയ മസ്ദൂര്‍ സംഘിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന് ചുമതലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കരുത്തുറ്റ ഒരു തൊഴിലാളി നേതാവിനെയാണ് നമുക്ക് കാണാന്‍ സാധിച്ചത്. വിട്ടുവീഴ്ചകള്‍ ഇല്ലാത്ത കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും ആ നിലപാടുകള്‍ കൃത്യമായി സഹപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതിനും തൊഴിലാളികളുടെ പിന്തുണ നേടിയെടുക്കുന്നതിലും അദ്ദേഹമെന്നും ശ്രദ്ധിച്ചിരുന്നു. അധ്വാനം ആരാധനയാണ് എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് തൊഴിലാളി ശക്തിയെ രാഷ്ട്ര കാര്യത്തിനായി വിനിയോഗിക്കാന്‍ നേതൃത്വപരമായ പങ്കുവഹിച്ച അതുല്യനായ ഒരു നേതാവിനെയാണ് ജി.കെ. അജിത്തിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നയെന്ന് ജയകുമാര്‍ പറഞ്ഞു.ബിഎംഎസ് മടിക്കൈ മേഖലാ പ്രസിഡന്റ്
രാമചന്ദ്രന്‍ വാഴക്കോട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. വി. ബാബു, ബിഎംഎസ് ജില്ലാ വൈസ്പ്രസിഡണ്ട്
ഭരതന്‍ കല്യാണ്‍ റോഡ്,മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം കെ. ശോഭന, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം
ശ്രീജിത്ത് പറക്കളായി, എ .വേലായുധന്‍, സുലോചന കോട്ടപ്പാറ ,എന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി കെ. തമ്പാന്‍ സ്വാഗതവും രാമചന്ദ്രന്‍ തട്ടുമ്മല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!