നീലേശ്വരം: കാസര്‍കോട് ജില്ലയുടെ മലയോരത്തിന്റെ ഗേറ്റ് വേയായ നീലേശ്വരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്തത് യാത്രക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ വലയ്ക്കുന്നു. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കല്‍ നിയമപരമായി നിര്‍ബന്ധമാണെങ്കിലും, നിലവിലെ നിയമങ്ങളെല്ലാം വെല്ലുവിളിച്ചുകൊണ്ട് നീലേശ്വരത്ത് മാത്രമാണ് മീറ്ററുകള്‍ പൂര്‍ണ്ണമായും നോക്കുകുത്തിയായി മാറുന്നത്. നീലേശ്വരം നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വിവിധ മേഖലകളില്‍ നിന്നും വ്യാപകമായ പരാതിയാണ് ദിവസേന ഉയരുന്നത്.
നഗരത്തിനകത്ത് വിവിധ മേഖലകളിലായി അഞ്ഞൂറോളം ഓട്ടോറിക്ഷകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇത്രയധികം വാഹനങ്ങള്‍ ഉണ്ടെങ്കിലും നഗരത്തിലെ ഒരൊറ്റ ഓട്ടോറിക്ഷയിലും മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീറ്റര്‍ പ്രകാരം യാത്ര പറയുന്നതിന് പകരം ഡ്രൈവര്‍മാര്‍ അവര്‍ക്കനുസരിച്ചുള്ള ഉയര്‍ന്ന നിരക്കാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ മീറ്ററുകള്‍ നിര്‍ബന്ധമാണെന്നും, നിയമം പാലിക്കാത്ത ഓട്ടോറിക്ഷ ഉടമകള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും ആര്‍.ടി.ഒ വ്യക്തമാക്കിയെങ്കിലും അതൊന്നും ഇവിടെ നടപ്പായിട്ടില്ല.
കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും വിവിധ നഗരങ്ങളിലും ടാക്‌സിയായി രജിസ്റ്റര്‍ ചെയ്ത് അതത് നഗരസഭകളില്‍ നിന്നും ആര്‍.ടി.ഒയില്‍ നിന്നും പ്രവര്‍ത്തനാനുമതി ലഭിച്ചു കഴിഞ്ഞാല്‍ ആ നഗരത്തിനകത്ത് എവിടെ നിര്‍ത്തിയിട്ടും യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും സാധിക്കും. എന്നാല്‍ നീലേശ്വര നഗരത്തില്‍ ഒരാള്‍ക്ക് ഓട്ടോറിക്ഷ ടാക്‌സിയായി സര്‍വീസ് നടത്തണമെങ്കില്‍ പ്രബലമായ യൂണിയന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പ്രബലമായ യൂണിയനില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് നഗരത്തില്‍ നിര്‍ത്തിയിട്ട് സര്‍വീസ് നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണ് നീലേശ്വരത്ത് നിലവിലുള്ളത്. യൂണിയന്‍ നിശ്ചയിക്കുന്ന സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട് മാത്രമേ ഇവിടെ സര്‍വീസ് നടത്താന്‍ കഴിയുകയുള്ളൂ. നീലേശ്വരത്ത് മാത്രം യൂണിയന്‍ നല്‍കുന്ന സ്റ്റാന്‍ഡില്‍ വെച്ച് മാത്രമേ ടാക്‌സിയായി സര്‍വീസ് നടത്തുവാനും യാത്രക്കാരെ കയറ്റുവാനും കഴിയുമെന്നതാണ് നിലവിലുള്ള അവസ്ഥ.
ഇതിന്റെ ഭാഗമായി, നീലേശ്വരം മാര്‍ക്കറ്റില്‍ നിന്ന് യാത്രക്കാരെ എടുത്ത് പാലായിലേക്കോ ചായോത്തേക്കോ പോയി തിരിച്ചുവന്നാല്‍ വീണ്ടും മാര്‍ക്കറ്റിലെ സ്റ്റാന്‍ഡില്‍ തന്നെ നിര്‍ത്തിയിടണം അതാണ് നിലവിലുള്ള സ്ഥിതി. ഇതിനിടയില്‍ താലൂക്ക് ആശുപത്രി പരിസരത്തും കോണ്‍വെന്റ് ജംഗ്ഷനിലും ബസ് സ്റ്റാന്‍ഡിലും ബസാറിലും നിരവധി ഓട്ടോ സ്റ്റാന്‍ഡ് ഉണ്ടെങ്കിലും ഇവിടെയൊന്നും മാര്‍ക്കറ്റില്‍ നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷകള്‍ക്ക് നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുവാന്‍ കഴിയുകയില്ല. ഇതുകാരണം വലിയ സാമ്പത്തിക നഷ്ടമാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്നത്.
മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നതും അനുവദനീയമായ നിരക്കില്‍ കൂടുതല്‍ ഈടാക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷ ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പും എം.വി.ഡിയും ലീഗല്‍ മെട്രോളജി വകുപ്പും മുഖേന കനത്ത പിഴയും കോടതി നടപടികളും ചുമത്താന്‍ വ്യവസ്ഥയുണ്ട്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്.
എന്നിരുന്നാലും, മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷ ഉടമകള്‍ക്കെതിരെ നിരവധി തവണ പോലീസിലും ആര്‍.ടി.ഒയിലും പരാതി നല്‍കിയിട്ടും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ വൈമനസ്യം കാണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. കാഞ്ഞങ്ങാട് ആര്‍.ടി.ഒയുടെ പരിധിയിലാണ് നിലവില്‍ നീലേശ്വരം നഗരസഭയും ഉള്‍പ്പെടുന്നത്. എന്നാല്‍ നീലേശ്വരം നഗരത്തില്‍ പരിശോധന നടത്തുന്നതിന് രണ്ടു മാസത്തിലോ അല്ലെങ്കില്‍ മൂന്നു മാസത്തിലോ ഒരു പ്രാവശ്യമാണ് ആര്‍.ടി.ഒയും മറ്റുദ്യോഗസ്ഥരും എത്താറുള്ളത്. ഈ തുച്ഛമായ ഇടപെടലുകള്‍ നിയമലംഘകര്‍ക്ക് കൂടുതല്‍ വളമാകുന്നു. അതിനാല്‍ തന്നെ നീലേശ്വരത്ത് സ്വന്തമായി ആര്‍.ടി.ഒ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് യാത്രാസമൂഹത്തിന്റെയും നിയമബോധമുള്ള പൊതുപ്രവര്‍ത്തകരുടെയും ശക്തമായ ആവശ്യം.
