അങ്കമാലി: മൊബൈല്‍ ഫോണിന്റെ ലോകത്ത് ജീവിക്കുമ്പോഴും ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ പഠിക്കണമെന്ന് സിനിമ-സീരിയല്‍ താരം മായാ വിശ്വനാഥ് പറഞ്ഞു. ആലുവ അങ്കമാലിയില്‍ നടന്ന കേരള ബുക്ക് ഓഫ് റെക്കോര്‍ഡ് കെ ബി ആര്ഹോള്ഡേഴ്സ് മീറ്റിന്റെ 16-ാം സീസണ് ‘മാജിക് ഇന്‍സ്പെയര്‍’ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. ‘ദൈവം നല്കിയ ഈ ജീവിതത്തില്‍ സമൂഹത്തിന് വേണ്ടി നമ്മള് എന്ത് നല്കി എന്ന് സ്വയം പരിശോധിക്കണം. ലോകത്ത് ആരെയും പരിഹസിക്കാന്‍ ആര്‍ക്കും അധികാരമില്ല. ജീവിതത്തില്‍ എല്ലാവരെയും അംഗീകരിക്കാന്‍ പഠിക്കണം. അപ്പോള്‍ മാത്രമേ മറ്റുള്ളവരില്‍ നിന്ന് അംഗീകാരം ലഭിക്കുകയുള്ളൂ’ എന്നും മായാ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കേരള ബുക്ക് ഓഫ് റെക്കോര്‍ഡ് ടാലന്റ് ഐക്കോണ്‍ ഹോള്‍ഡര്‍ പുരസ്കാരം ജന്മഭൂമി പത്രം കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോര്‍ട്ടറും കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറിയുമായ ബാബു കോട്ടപ്പാറക്ക് മായാ വിശ്വനാഥ് സമ്മാനിച്ചു. കഴിഞ്ഞ 11 വര്‍ഷമായി വടംവലി കായിക മേഖലയിലൂടെ കേരളത്തിന് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. 13-ഓളം നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത ബാബു കോട്ടപ്പാറ കേരളത്തിനും കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്കും നിരവധി മെഡലുകള്‍ നേടിക്കൊടുത്തിട്ടുണ്ട്.കെബിആര് ചെയര്മാന് പ്രദീപ് പൈമ അധ്യക്ഷനായ ചടങ്ങില്‍ ഗായിക രാധിക അശോക്, സംഗീത സംവിധായകന് മുരളി അപ്പാടത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു
