പാണത്തൂര്‍ : ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ നാളെ മുതല്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം അടച്ചിടാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയില്‍ പതിച്ചുകഴിഞ്ഞു.
നിലവില്‍ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ രണ്ടുപേരെ ജില്ലാ മെഡിക്കല്‍ ഓഫീസറും ഒരാളെ പഞ്ചായത്തുമാണ് നിയമിച്ചത്. മുപ്പതാം തീയതി നടക്കുന്ന പിജി പരീക്ഷ എഴുതുന്നതിനുള്ള മുന്നൊരുക്കത്തിന് വേണ്ടിയാണ് ഇവര്‍ ലീവ് എടുത്തിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.
പനത്തടി ഗ്രാമപഞ്ചായത്തിലേയും, അതിര്‍ത്തി പഞ്ചായത്തായ കര്‍ണാടകത്തിലെ കരിക്കെ പഞ്ചായത്തിലേയും നൂറുകണക്കിന് രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ദിവസേന നൂറു കണക്കിന് പാവപ്പെട്ട രോഗികളാണ് പാണത്തൂര്‍കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നത്.
മഴക്കാല രോഗങ്ങള്‍ കൂടി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ആശുപത്രി അടച്ചിടുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കും.
അതേസമയം മുപ്പതാം തീയതി നടക്കുന്ന ഡോക്ടര്‍മാരുടെ പിജി പരീക്ഷ എഴുതുന്നതിനു വേണ്ടിയാണ് ഡോക്ടര്‍മാര്‍ നാളെ മുതല്‍ ലീവ് എടുത്തിട്ടുള്ളതെന്നും, ശേഷം ഇവര്‍ ജോയിന്‍ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് പറഞ്ഞു.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എംഎല്‍എയോടും, ജില്ലാ മെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
