കാസര്‍കോട്:സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് സ്റ്റേഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ( എസ് എച്ച് ഒ) ചുമതല എസ്‌ഐ മാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഏല്പിക്കുന്നതിന്റെ മുന്നോടിയായി കാസര്‍കോട് ജില്ലയിലെ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള അഞ്ചു ദിവസത്തെ പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി.
ജില്ലാ പോലീസ് ഓഫീസ് പരിസരത്തെ ജില്ല പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ
ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷന്‍ ചുമതല കൂടുതല്‍ കാര്യക്ഷമമായും നിയമാനുസൃതമായും നിര്‍വഹിക്കാന്‍ ആവശ്യമായ പ്രായോഗികവും സാങ്കേതികവുമായ നൂതനമായ കൂടുതല്‍ അറിവുകള്‍ പങ്കുവെക്കുന്നതാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ല പോലീസ് മേധാവി നിധിന്‍രാജ് ഐപിഎസ് സൂചിപ്പിച്ചു.
അഡീഷണല്‍ എസ്പിയുടെ അധിക ചുമതല വഹിക്കുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ടി. ഉത്തംദാസ് സ്വാഗതം പറഞ്ഞു. പോലീസ് സ്റ്റേഷനുകളില്‍ ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ കേസ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ച് കോടതി വിചാരണ വരെയുള്ള നടപടിക്രമങ്ങള്‍, ഭാരതീയ ന്യായ് സംഹിത ( ബി എന്‍ എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി എന്‍ എസ് എസ്) ഭാരതീയ സാക്ഷ്യ അധിനയം (ബി എസ് എ) എന്നിവയിലെ പ്രധാന വ്യവസ്ഥകള്‍, ഇന്‍ക്വസ്റ്റ് നടപടികള്‍, തെളിവ് ശേഖരണം, ഫോറന്‍സിക് ശാസ്ത്രം, ദുരന്തനിവാരണം, വി.ഐ.പി സുരക്ഷ, രഹസ്യവിവര ശേഖരണം, പരാതി അന്വേഷണം, ഐ ടി ആക്റ്റ്, പോക്‌സോ ആക്റ്റ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍, എസ് സി ആന്റ എസ് ടി ആക്റ്റ് കേസുകള്‍, കൊലപാതകം, വധശ്രമം, എന്‍ഡിപിഎസ് ആക്റ്റ്, കരുതല്‍ നിയമങ്ങള്‍, സോഷ്യല്‍ പോലീസിംഗ്, ജനമൈത്രി ബീറ്റ് സംവിധാനം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദദ്ധരായവര്‍ ക്ലാസുകള്‍ എടുക്കും.
ആദ്യ ദിവസം റിട്ട. ഡിവൈഎസ്പി പി . കെ . സുധാകരന്‍, ഡിവൈഎസ്പി . ടി ഉത്തംദാസ്, എസ്എംഎസ് . എസ്.ഐ. ദിവാകരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.
