കാസര്‍കോട്: തൊഴില്‍ അന്വേഷകരായ യുവാക്കളെയും പി.എസ്.സി. റാങ്ക് ജേതാക്കളെയും വഞ്ചിക്കുന്ന കാര്യത്തില്‍ വി.ഡി. സതീശന് സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും, പി.എസ്.സി. ഇന്ന് ‘പിണറായി-സതീശന് സര്‍വീസ് കമ്മീഷനായി’ അധഃപതിച്ചിരിക്കുകയാണെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വരുണ്‍ പ്രസാദ് ആരോപിച്ചു. പി.എസ്.സി. ക്രമക്കേടുകള്‍ക്കെതിരെ യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും നിലവില്‍ യുവജനക്ഷേമ മന്ത്രിയുമായ ഒ.ജെ. ജനീഷ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരും വി.ഡി. സതീശന് നയിക്കുന്ന നിലവിലെ സര്‍ക്കാരും ഉദ്യോഗാര്‍ഥികളുടെ ജീവിതം വെച്ച് പന്താടുന്നതില്‍ ഒരുപോലെ കുറ്റക്കാരാണെന്നും, ഈ ഇടത്വലത് കൂട്ടുകെട്ടിനെതിരെ യുവമോര്‍ച്ച വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കേരളത്തിന് പുറത്തുള്ള സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്ന മന്ത്രിമാരും എം.എല്‍.എമാരും സംസ്ഥാന ഭരണസിരാകേന്ദ്രത്തില്‍ നടക്കുന്ന യുവജന സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. പി.എസ്.സി. ക്രമക്കേടുകള്‍ യുവാക്കളെ കടുത്ത നിരാശയിലാഴ്ത്തിയെന്നും, സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നില്ക്കുന്ന ജില്ലകളിലൊന്നായ കാസര്‍ഗോഡില്‍ നിന്ന് വലിയ തോതില്‍ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വിന് കൊല്ലാലയില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്. സുനില്‍, ജില്ലാ സെക്രട്ടറി മഹേഷ് ഗോപാല്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രുതി എന്‍.വി., ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ധനുഷ് എച്ച്.എന്‍., ശ്രുതി വിനോദ്, ജില്ലാ സമിതി അംഗം സുമി, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി, എസ്.ടി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരായണ നായിക്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് എന്നിവര്‍ സംസാരിച്ചു.
ബി.സി. റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കളക്ടറേറ്റ് കവാടത്തിലെത്തിയപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
