മേല്‍പ്പറമ്പ്: സുഹൃത്തിന്റെ 16 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെര്ളിന് (25) ആണ് പിടിയിലായത്. മാത്തില്‍ പോലീസിന്റെ സഹായത്തോടെ മേല്‍പ്പറമ്പ് പോലിസ് ഇന്‍സ്പെക്ടര്‍ എന്‍. പി. രാഘവനും സംഘവും ചേര്‍ന്നാണ് പ്രതിയെ മാത്തില്‍ അറസ്റ്റ് ചെയ്തത്.
അഞ്ച് പോക്സോ കേസുകളിലെ പ്രതിയാണ് സ്നേഹ. മാത്തില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ രാത്രികാല റെയ്ഡിലാണ് പിടിയിലായത്.
മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ 16കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ സ്നേഹയെ കണ്ണൂര്‍ ജയിലില്‍വച്ചാണ് മാതാവ് പരിചയപ്പെട്ടത്. പിന്നീട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം, ഒരു വര്‍ഷത്തോളം സ്നേഹ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നതായും ഈ കാലയളവിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നും പൊലീസ് പറഞ്ഞു.
ഭയത്തെ തുടര്‍ന്ന് പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഷെല്‍ട്ടര്‍ ഹോമില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിക്കുകയും ജൂണ്‍ 13ന് സ്നേഹക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാത്തിലില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
