കരിന്തളം: മലയോര മേഖലയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കരിന്തളം കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് സ്ഥിരം ഡോക്ടര്‍മാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വൈകുന്നേരം 6 മണിവരെ കാര്യക്ഷമമായി ഉറപ്പാക്കണമെന്ന് കെഎസ്‌കെടിയു കരിന്തളം ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ അപര്യാപ്തത മൂലം ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതായും ഇതുമൂലം വലിയ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മെഡിക്കല്‍ ജീവനക്കാരെ നിയമിക്കുകയും ആശുപത്രിയിലെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോയിത്തട്ട പി. കരുണാകരന്‍ നഗറില്‍ നടന്ന സമ്മേളനം കെഎസ്‌കെടിയു ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാധാകൃഷ്ണന്‍ ചാളക്കാട് ഉദ്ഘാടനം ചെയ്തു. ലെനിന്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. എം. ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ. ജയചന്ദ്രന്‍ അനുശോചന പ്രമേയവും പി.പി. രാജേഷ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
പാറക്കോല്‍ രാജന്‍, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി കെ. സതീശന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഉഷാ രാജു, എന്‍. രമണന്‍, വിനോദ് പന്നിത്തടം, ടി.ടി. ജയശ്രീ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വരയില്‍ രാജന്‍ സ്വാഗതവും കണ്‍വീനര്‍ വി വി കുമാരന്‍ നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തില്‍ പുതിയ വില്ലേജ് ഭാരവാഹികളായി പി.പി. രാജേഷ് (പ്രസിഡന്റ്), ഷൈലജ സുരേഷ് (വൈസ് പ്രസിഡന്റ്), എം. ചന്ദ്രന്‍ (സെക്രട്ടറി), വി വി കുമാരന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
