സൗജന്യ ബസും ഗള്‍ഫ് പ്രതിസന്ധിയും: ഓട്ടോ റിക്ഷ മേഖല തകര്‍ച്ചയില്‍

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി ”പ്രിയദര്‍ശിനി” സൗജന്യ ബസ് സര്‍വീസ് സ്ത്രീകള്‍ക്ക് ആശ്വാസമാകുമ്പോള്‍, ജില്ലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്.ജോലികളിലെ അനിശ്ചിതത്വവും സാമ്പത്തിക മാന്ദ്യവും കാരണം എല്ലാ മേഖലകളിലെയും കുടുംബ ബജറ്റുകള്‍ ഇതിനോടകം താളം തെറ്റിയിട്ടുണ്ട്. ഇതിനിടെയാണ് സൗജന്യ ബസ് സര്‍വീസ് ഓട്ടോ മേഖലയെ കൂടി പ്രതികൂലമായി ബാധിച്ചത്.
നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരും ജോലിസ്ഥലത്തേക്ക് ഓട്ടോ വിളിച്ച് പോകുമായിരുന്നു. എന്നാല്‍ ഇന്ന് എത്ര കാത്തുനിന്നാലും ആളുകള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി പോകുന്ന സ്ഥിതിയാണ്. നഗരത്തിലെ ഓട്ടോകള്‍ക്ക് മടക്കയാത്രയില്‍ പോലും യാത്രക്കാരെ കിട്ടുന്നില്ല.
രാവിലെ മുതല്‍ രാത്രി വരെ നിന്നാല്‍ പോലും 500 രൂപ തികയുന്നില്ല. മുമ്പ് 600 മുതല്‍ 800 വരെ കിട്ടുമായിരുന്നു. പെട്രോളും ഭക്ഷണവും കഴിഞ്ഞാല്‍ കുടുംബത്തിന് മാറ്റിവെക്കാന്‍ ഒന്നും കാണില്ല ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
വീടുകളില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടിയതും ഓട്ടം കുറയാന്‍ കാരണമായിട്ടുണ്ട്.
സൗജന്യം വേണ്ടെന്നല്ല
സൗജന്യ യാത്രയെ എതിര്‍ക്കുന്നില്ലെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് പറഞ്ഞു. ’60 കഴിഞ്ഞവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലിംഗഭേദമില്ലാതെ സൗജന്യ യാത്ര നല്‍കുന്നതില്‍ തെറ്റില്ല. പക്ഷേ മറ്റ് മേഖലകളില്‍ ഉണ്ടാകുന്ന ആഘാതം കൂടി സര്‍ക്കാര്‍ പരിഗണിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ
ഗള്‍ഫ് പ്രതിസന്ധിയും വിനയായി.
പശ്ചിമേഷ്യയിലെ യുദ്ധക്കെടുതി കാരണം ഗള്‍ഫ് മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ സ്തംഭനവും ഉണ്ടായി. ഇത് ഗള്‍ഫിലുള്ള ഇടത്തരം ജോലിക്കാരെ സാരമായി ബാധിച്ചു. അവരെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഇവിടെയും കടുത്ത പ്രതിസന്ധിയിലാണ്. ”ദൈനംദിന ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്നുണ്ട്. ഭക്ഷണം വരെ ചുരുക്കേണ്ടി വന്നു” ഒരു പ്രവാസി വീട്ടമ്മ പറഞ്ഞു.

 

error: Content is protected !!