കാസര്‍കോട്: ആധുനിക സാങ്കേതികവിദ്യ മാധ്യമരംഗത്ത് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും വലിയ സാധ്യതകളും തുറന്നുതരുന്നുയെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍.
പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി പിഐബി കൊച്ചി കാസര്‍കോട് മാധ്യമ ശില്പശാലഉദ്ഘാടനം ചെയ്ത സംസാരിക്കുയായിരുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അത് പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരാതികളും ഭരണാധികാരികളിലേക്ക് എത്തിക്കുന്ന പാലമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധുനിക സാങ്കേതികവിദ്യ മാധ്യമരംഗത്ത് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാനും വാര്‍ത്തകളുടെ സത്യാവസ്ഥ ഉറപ്പുവരുത്താനും മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങളെ ഇത്തരം ‘വാര്‍ത്താലാപ് ‘ ശില്‍പ്പശാലകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഐബി, കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര് ജനറല്‍ വി. പളനിച്ചാമി ഐഐഎസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വികസനോന്മുഖ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും അത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്തിനനുസൃതമായി മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി നൈപുണ്യവികസനം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യാജവാര്‍ത്തകളെന്ന വെല്ലുവിളിയെ ഫലപ്രദമായി നേരിടുന്നതിനൊപ്പം കൃത്യതയും ഉത്തരവാദിത്തപരവുമായ മാധ്യമപ്രവര്‍ത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
പിഐബി കൊച്ചിയുടെയും കൊച്ചി ഓള്‍ ഇന്ത്യ റേഡിയോയുടെയും ഡയറക്ടര്‍ കെ.ധന്യ സനല്‍ ഐഐഎസ് ചടങ്ങില്‍ പങ്കെടുത്തു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച പത്മശ്രീ സത്യനാരായണ ബെളേരി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പ എം. ഒ. വര്‍ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജു കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പിഐബി കൊച്ചി മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ ഷാമില കെ. വൈ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണന്‍ നന്ദി യും പറഞ്ഞു. ‘കത്തുകള്‍ക്കപ്പുറം: ആധുനിക പോസ്റ്റ് ഓഫീസുകള്‍ എങ്ങനെ ആഗോള വ്യാപാരത്തെയും ഗ്രാമീണ സമ്പന്നതയെയും നയിക്കുന്നു’ എന്ന വിഷയത്തില്‍ കോഴിക്കോട് നോര്‍ത്തേണ്‍ റീജിയണ്‍ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ (സ്റ്റാഫ്) കെ. മനോജും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കണ്ണൂര്‍ ഡയറക്ടര്‍ ഡോ. എ. കെ. സക്കീര്‍ ഹുസൈന്‍ സഹകരണ മന്ത്രാലയത്തിന്റെ ബോധവത്കരണ, ശേഷിവികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെഷന്‍ നയിച്ചു. ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനായി സഹകരണ ബാങ്കുകള്‍ പ്രായോഗികമായ ബാങ്കിതര പ്രവര്‍ത്തനങ്ങളിലേക്ക് വൈവിധ്യവല്‍ക്കരണം നടത്തുന്നതിനെക്കുറിച്ചു പ്രതിപാദിച്ചു.
‘സൈബര്‍ അവബോധം: പുതിയ ഭീഷണികളും സുരക്ഷിതമായ രീതികളും’ എന്ന വിഷയത്തില്‍ കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ ബി.ഷിനു ക്ലാസ് നയിച്ചു. സൈബര്‍ രംഗത്തെ പുതിയ വെല്ലുവിളികളെക്കുറിച്ചും സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
തുടര്‍ന്ന് മീഡിയ പ്രൊഫഷണലും, ഫാക്ട് ചെക്കറും, എ ഐ പരിശീലകനുമായ ഹബീബ് റഹ്‌മാന്‍ വൈ.പി. ‘എഐ അധിഷ്ഠിത ജേണലിസം: റിപ്പോര്‍ട്ടിംഗ്, റൈറ്റിംഗ്, എഡിറ്റിംഗ് ടൂളുകള്‍’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. വ്യാജ വാര്‍ത്തകളെ ചെറുക്കുന്നതിനുള്ള വിവിധ വസ്തുതാ പരിശോധനാ രീതികളെക്കുറിച്ചും മാധ്യമ മേഖലയില്‍ ഉപയോഗിക്കുന്ന എഐ ടൂളുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപ്പിലാക്കുന്ന ജേര്‍ണലിസ്‌റ് വെല്‍ഫെയര്‍ സ്‌കീം മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുന്ന വിവിധ ആനുകുല്യങ്ങളെക്കുറിച് പി.ഐ.ബി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് എസ് ലക്ഷ്മി പ്രിയ ഐ ഐഎസ് വിശദീകരിച്ചു.
തുടര്‍ന്ന് നടന്ന അനുഭവങ്ങള്‍ പങ്കുവെക്കല്‍ സെഷനില്‍ കാസര്‍കോട് ജില്ലയിലെ ദൂരദര്‍ശന്‍ ന്യൂസ് സ്ട്രിങ്ങര്‍ കെ സതീശന്‍, ആകാശവാണി കാസര്‍കോട് പാര്‍ട്ട് ടൈം കറസ്‌പോണ്‍ഡന്റ് പി ജഗന്നിവാസന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ സജീവമായ സംവാദവും അഭിപ്രായരൂപീകരണവും നടന്നു.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി വിവിധ ജില്ലകളില്‍ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.
