കാസര്‍കോട്: ക്രമസമാധാന നില തകര്‍ക്കുന്നവര്‍ക്കും ലഹരി മാഫിയകള്‍ക്കുമെതിരെ ശക്തമായ നടപടികളുമായി പോലീസ്. റേഞ്ച് തലത്തില്‍ നടത്തിയ വിപുലമായ രാത്രികാല കോമ്പിങ് ഓപ്പറേഷനില്‍ നിരവധി കുറ്റവാളികളും ലഹരിമരുന്ന് സംഘങ്ങളും പിടിയിലായി. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരേസമയം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിരവധി പ്രതികള്‍ പിടിയിലായത്.
അതിര്‍ത്തി പരിശോധനയില്‍ 1,900-ലധികം വാഹനങ്ങള്‍ പരിശോധിച്ചു.
സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് 14 പ്രധാന പോയിന്റുകളില്‍ പൂര്‍ണ്ണമായും അതിര്‍ത്തികള്‍ അടച്ചുപൂട്ടിയായിരുന്നു പരിശോധന. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 336 വാഹനങ്ങള്‍ ഉള്‍പ്പെടെ ആകെ 1,962 വാഹനങ്ങള്‍ പോലീസ് സംഘം അരിച്ചുപെറുക്കി. സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ 49 മൊബൈല്‍ പട്രോളിങ് യൂണിറ്റുകളെയും നിയോഗിച്ചിരുന്നു.
ലഹരിമരുന്ന് കടത്തും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി വിവിധ സ്റ്റേഷന്‍ പരിധികളിലെ 52 ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തി. പൊതുജനങ്ങള്‍ തടിച്ചുകൂടുന്ന 32 റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.വാറന്റ് പ്രതികളും ‘കാപ്പ’ നിരീക്ഷണത്തിലുള്ളവരും വലയില്‍
വര്‍ഷങ്ങളായി നിയമപാലകരെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന 7 എല്‍.പി. വാറന്റ് പ്രതികളെയും, ജാമ്യമില്ലാ വാറന്റ് നിലവിലുണ്ടായിരുന്ന 50 പ്രതികളെയും കോമ്പിങ് ഓപ്പറേഷനിലൂടെ പോലീസ് വലയിലാക്കി. കൂടാതെ ഗുണ്ടാ നിയമ പ്രകാരം നിരീക്ഷണത്തിലുള്ള 9 വ്യക്തികളുടെ വീടുകളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തി. മുന്‍കാല കുറ്റവാളികളും സാമൂഹിക വിരുദ്ധരുമായ 25 പേരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
ലഹരിവേട്ടയും മദ്യപിച്ചുള്ള ഡ്രൈവിംഗും.
ഓപ്പറേഷനില്‍ ആകെ 12 മാരക ലഹരിമരുന്ന് ( എന്‍ ഡി പി എസ്) കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ചന്തേര സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം 5 കേസുകള്‍ പിടികൂടി. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 42 പേര്‍ക്കെതിരെ കേസെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് ചോദ്യം ചെയ്ത 80 പേര്‍ക്കെതിരെയും, മറ്റ് പ്രാദേശിക നിയമലംഘനങ്ങള്‍ക്ക് 46 പേര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു.
കുമ്പള പോലീസ് സ്റ്റേഷന്‍ കേസിലെ പ്രതിയും പിടിയില്‍
കോമ്പിങ് ഓപ്പറേഷനിടെ കുമ്പള പോലീസ് സ്റ്റേഷനിലെ ലഹരി കേസില്‍ കിലോ കഞ്ചാവ് പിടികൂടിയത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അജാനൂര്‍ തെക്കേപ്പുറം സ്വദേശി ലാവാ സമീര്‍ എന്ന സമീര്‍ ടി എം(39) നെയാണ് ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.
വരും ദിവസങ്ങളിലും കുറ്റവാളികളെയും ലഹരി മാഫിയകളെയും അടിച്ചമര്‍ത്താന്‍ ഇത്തരം കര്‍ശനമായ മിന്നല്‍ പരിശോധനകള്‍ തുടരും.
