ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മ്മസമിതി നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു

നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ കര്‍മ്മസമിതി നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. കര്‍മ്മ സമിതി ഭാരവാഹികള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കുന്നത്. എലിവേറ്റഡ് ബ്രിഡ്ജ് നിര്‍മ്മിക്കുവാന്‍ സാങ്കേതികമായി കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.എന്നാല്‍ സമരസമിതി ഉന്നയിച്ച മറ്റ് ആവശ്യങ്ങളും ചര്‍ച്ചയില്‍ അംഗീകരിച്ചു.പഴയ പാലം പൊളിച്ചു പുതിയ പാലം നിര്‍മ്മിക്കും. കോട്ടപ്പുറത്തേക്ക് 15 മീറ്റര്‍ വീതിയില്‍ അടിപ്പാതയും കോട്ടപ്പുറം റോഡില്‍ നിന്നും ദേശീയപാതയിലേക്ക് എക്‌സിറ്റുംരാജാ റോഡിലേക്ക് എന്‍ട്രിയും അനുവദിക്കും.രാജാ റോഡിലേക്കുള്ള ഏഴു മീറ്റര്‍ വീതിയിലുള്ള അടിപ്പാത 15 മീറ്ററായുംകോട്ടപ്പുറത്തേക്കുള്ള അടിപ്പാത 24 മീറ്ററായും വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കും. ഇതിനായി എംപിയുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റിയുടെ റീജിയണല്‍ ഓഫീസര്‍ കേണല്‍ എ കെ ജാന്‍ബാസിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും. കരുവാച്ചേരിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജും പുതുതായി നിര്‍മ്മിക്കുന്ന കച്ചേരി കടവ്പാലത്തിന്റെഅപ്പ്രോച്ച് റോഡിലേക്ക് എക്‌സിറ്റും എന്‍ട്രിയും അനുവദിക്കും.ഈ ഒരു സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചത്.സമരം അവസാനിപ്പിച്ചെങ്കിലും പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സര്‍വീസ് റോഡിന്റെ നിര്‍മ്മാണം കാര്യക്ഷമമാക്കുന്നതിനും കമ്മിറ്റി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി, കണ്‍വീനര്‍ ഇ.ഷജീര്‍ രക്ഷാധികാരികളായ പി.കരുണാകരന്‍ മാമുനിവിജയന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ ഭാരവാഹികളായ അഡ്വ. പി. കെ നസീര്‍.സാഗര്‍ ചാത്തമത്ത്,പി.വിജയകുമാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം.ജെ ജോയ്, വിവി കുഞ്ഞികൃഷ്ണന്‍, കെ.സതീശന്‍ , പിയു രാമകൃഷ്ണന്‍ ഉദയന്‍ പാലായി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!