സംസ്ഥാന അണ്ടര്‍ 15 ചെസ്സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി, കാസര്‍കോട് ജില്ലാ ചെസ്സ് അസോസിയേഷന്റേയും നെഹ്രു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റേയും സഹകരണത്തോട സംഘടിപ്പിക്കുന്ന സംസ്ഥാന അണ്ടര്‍ 15 (സബ്ജൂനിയര്‍) ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍
ഓപ്പണ്‍ വിഭാഗത്തില്‍ സാവന്ത് കൃഷ്ണന്‍ ആര്‍ (കണ്ണൂര്‍), അനന്ത നാരായണ്‍ (വയനാട്), നിര്‍മ്മല്‍ ഡി. അന്‍സര (ആലപ്പുഴ) എന്നിവര്‍ 3 പോയന്റും നേടി മുന്നിട്ടു നില്‍ക്കുന്നു. ഗേള്‍സ് വിഭാഗത്തില്‍ എന്‍. നിരഞ്ജന (കൊല്ലം), തീര്‍ത്ഥ എസ് പിള്ള (കൊല്ലം), നന്ദന മൂക്കേത്ത് (എറണാകുളം) എന്നിവര്‍ 3 പോയന്റുമായി മുന്നിട്ടു നില്‍ക്കുന്നു.
14 ജില്ലാ സെലക്ഷന്‍ ടൂര്‍ണമെന്റുകളില്‍ നിന്നു വിജയികളായ 100 ഓളം ചെസ്സ് താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍മ്മാന്‍ പി പി മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു. ജില്ല ചെസ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി. ശ്രീധരന്‍ ചൂട്ടക്കാട് അദ്ധ്യക്ഷത വഹിച്ചു. നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി. വി റീജ മുഖ്യാതിഥിയായി. ചെസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി മെമ്പറുമായ വി എന്‍ രാജേഷ്, അസി. പ്രൊഫസര്‍ എം കെ സുധീഷ് എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ബൈജു സ്വാഗതവും പറഞ്ഞു.

7 റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. രഘുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. . നെഹ്രു കോളേജ് മാനേജര്‍ കെ രാമനാഥന്‍ മുഖ്യാതിഥിയാകും.

 

error: Content is protected !!