കാസര്‍കോട് സ്വദേശിയുടെ ഉദരത്തില്‍ നിന്ന് 7.9 കിലോ ഭാരമുള്ള മുഴ കാസര്‍കോട് ആസ്റ്റര്‍ മിംസിലെ സര്‍ജിക്കല്‍ ടീം വിജയകരമായി നീക്കം ചെയ്തു

കാസര്‍കോട്: 58 വയസുള്ള കാസര്‍കോട് സ്വദേശിയുടെ ഉദരത്തില്‍ വളര്‍ന്ന 7.9 കിലോഗ്രാം ഭാരമുള്ള മുഴ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ കാസര്‍കോട് ആസ്റ്റര്‍ മിംസിലെ വിദഗ്ധ മെഡിക്കല്‍ സംഘം വിജയകരമായി നീക്കം ചെയ്തു. ആശുപത്രിയിലെ പ്രമുഖ സര്‍ജന്‍ ഡോ. അരവിന്ദ്. എന്‍ നേതൃത്വം നല്‍കിയ ശസ്ത്രക്രിയ സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് രോഗിക്ക് പുതുജീവന്‍ നല്‍കിയത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്ന മുഴയാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

നിന്തരമായ ഉദരവേദനയെത്തുടര്‍ന്ന് രോഗിയെ ആദ്യം മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പ്രധാന രക്തക്കുഴലുകളോടും അവയവങ്ങളോടും ചേര്‍ന്ന് വളര്‍ന്നുകൊണ്ടിരുന്ന മുഴ കണ്ടെത്തിയത്. അതിനെതുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ചത്.

മുഴയുടെ അസാധാരണമായ വലിപ്പവും ഉദരത്തില്‍ കിടന്ന രീതിയും രോഗിയുടെ ആമാശയം കുടല്‍ എന്നിവയെ ഗുരുതരമായി സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ശരീരത്തിലെ പ്രധാന രക്തധമനികളോട് ചേര്‍ന്നു കിടന്നിരുന്നതിനാല്‍ ചുറ്റുമുള്ള മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകളും വരാതെ മുഴ പൂര്‍ണ്ണമായും വേര്‍പെടുത്താന്‍ മെഡിക്കല്‍ സംഘത്തിന് സാധിച്ചു.

എട്ടു കിലോയോളം ഭാരമുള്ള മുഴ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുക എന്നത് അതീവ സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. അരവിന്ദ് .എന്‍ പറഞ്ഞു. കൃത്യമായ പരിചരണവും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മറ്റു വിഭാഗങ്ങളുടെ പിന്തുണയുമാണ് ഈ ദൗത്യം വിജയകരമാക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിര്‍ണ്ണായക ഘട്ടങ്ങളില്‍ കൃത്യതയോടെ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരായ മെഡിക്കല്‍ വിദഗ്ധരുടെ സാന്നിധ്യവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഇത്തരം സങ്കീര്‍ണ്ണമായ കേസുകളില്‍ കാസറഗോഡ് ആസ്റ്റര്‍ മിംസിനെ വേറിട്ടു നിര്‍ത്തുന്നതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബസുരി പറഞ്ഞു. രോഗിയുടെ ജീവന്‍ രക്ഷിക്കാനായി മെഡിക്കല്‍ സംഘം കാണിച്ച ദീര്‍ഘവീക്ഷണവും സമര്‍പ്പണവുമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിസ്‌റ് ഡോ. ജസീല്‍ എസ്.എ, അനസ്തേഷ്യ വിഭാഗം ഡോ. അമീന്‍ ഗുല്‍ഷന്‍, ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് വിഭാഗം മേധാവി ഡോ. സാജിദ് സലാഹുദ്ധീന്‍ എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയില്‍ ഭാഗമായത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ നിരീക്ഷണത്തിലായിരുന്ന രോഗി അപകടാവസ്ഥ പൂര്‍ണ്ണമായി തരണം ചെയ്യുകയും തുടര്‍ന്ന് ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് ആരോഗ്യവാനായി ആശുപത്രി വിടുകയും ചെയ്തു. അതിസങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് മെഡിക്കല്‍ സംഘത്തിന്റെ മികവ് തെളിയിക്കുന്നതാണെന്ന് ആസ്റ്റര്‍ മിംസ് മാനേജ്മെന്റ് വ്യക്തമാക്കി. സമാനമായ സങ്കീര്‍ണ്ണ ആരോഗ്യപ്രശ്‌നങ്ങളുമായി എത്തുന്ന രോഗികള്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും മികച്ച വിദഗ്ധ പരിചരണവും ഉറപ്പാക്കാന്‍ ആശുപത്രി എപ്പോഴും സജ്ജമാണെന്നും മാനേജ്മെന്റ് അറിയിച്ചു.

 

error: Content is protected !!