കാഞ്ഞങ്ങാട്: ഇത്തവണത്തെ ഓണാഘോഷത്തിന് നഗരസഭയില്‍ തന്നെ പൂക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. നഗരസഭാ ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും കൂട്ടായ്മയായ ‘ഒപ്പരം’ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. ടൗണ്‍ ഹാളിന് സമീപമുള്ള നെഹ്റു സ്മൃതി മണ്ഡപത്തിലെ (നെഹ്‌റു പാര്‍ക്ക്) ഒഴിഞ്ഞ സ്ഥലത്താണ് ചെണ്ടുമല്ലി തൈകള്‍ നട്ടത്. പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കി സൗന്ദര്യവല്‍ക്കരിക്കുന്നതിനായി കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. വരും ദിവസങ്ങളില്‍ നഗരസഭയിലെ മികച്ച ശുചിത്വ വാര്‍ഡിനും വീടിനും പുരസ്‌കാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ചെണ്ടുമല്ലി പൂവിന്റെ തൈ നട്ട് നഗരസഭാ ചെയര്‍പേഴ്ന്നശ്രീ വി.വി രമേശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ് സ്വാഗതവും, വാര്‍ഡ് കൗണ്‍സിലര്‍ പി.വി ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ ഷെരീഫ്, കൗണ്‍സിലര്‍മാരായ സന്തോഷ് കുശാല്‍ നഗര്‍, രാജന്‍ അത്തിക്കോത്ത്, സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹിമാന്‍, മൊയ്തു പുഞ്ചാവി, സേതു കാഞ്ഞങ്ങാട്, എം. ബലരാജ്, ‘ഒപ്പരം’ കൂട്ടായ്മ പ്രസിഡന്റ് ദിവാകരന്‍ എന്‍.വി, സെക്രട്ടറി രാകേഷ് നാരായണന്‍ എന്നിവരും മറ്റ് കൗണ്‍സിലര്‍മാരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിക്കുകയും തൈകള്‍ നടുകയും ചെയ്തു.
