പാലക്കുന്ന് : പ്ലാറ്റുഫോമിനെ രണ്ടായി പകുത്ത് പോകുന്ന റോഡിന്റെ ഇരുഭാഗത്തും റെയില്‍വേ ഗേറ്റിനോട് സാമാന്തരമായുള്ള ഭാഗത്താണ് നിങ്ങള്‍ ഇറങ്ങേണ്ട ട്രെയിനിന്റെ ബോഗി വന്നുപെട്ടതെങ്കില്‍ യാത്രക്കാരെ നിങ്ങള്‍ സൂക്ഷിക്കണം. പ്ലാറ്റ്ഫോം സൗകര്യം ആ ഭാഗത്ത് ഇല്ലാത്തതിനാല്‍ ഇറങ്ങാന്‍ നിങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരും , പ്രത്യേകിച്ചു വയോധികര്‍. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലാണ് ഈ അപൂര്‍വ ദുരിതം. മറ്റു ബോഗികളില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയാലും നിങ്ങള്‍ അതിനായി ശ്രമിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങി തുടങ്ങുന്നതോടെ ബാലന്‍സ് തെറ്റി താഴേക്ക് വീഴുന്നത് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ പതിവാണ്. ഇറങ്ങുന്നവര്‍ക്ക് തങ്ങളുടെ ബോഗിയുടെ സ്ഥാനം മുന്‍കൂട്ടി അറിയണമെന്നില്ല.അവരാണ് പ്ലാറ്റ് ഫോം സൗകര്യം ഇല്ലാത്തിടത്ത് പെട്ടുപോകുന്നത്. ഇറങ്ങാന്‍ സ്വാഭാവികമായും തിടുക്കം കൂട്ടുന്നതിനിടെ ട്രെയിന്‍ നീങ്ങി പലരും പലപ്പോഴായി വീഴാറുണ്ടെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ മംഗ്ലൂര് ഭാഗത്തേക്കുള്ള ട്രെയിന്‍ കോട്ടിക്കുളത്തെത്തിയപ്പോള് ഗേറ്റിനോട് ചേര്‍ന്ന റോഡ് ഭാഗത്തെ ബോഗിയില്‍ നിന്ന് യാത്രക്കാര്‍ക്ക് ഇറങ്ങാനാവാതെ ബഹളമായി. ചിലര്‍ വീണു. ഒരു വയോധിക്ക് പരിക്ക് പറ്റി. ഗേറ്റിനു സാമാന്തരമായി നില്‍ക്കുന്നിടത്ത് ഇവിടെ പ്ലാറ്റ്ഫോം സൗകര്യം ഇല്ല. അത് റോഡാണ്. ഇറങ്ങാനുള്ള യാത്രക്കാരുടെ തിടുക്കവും തെന്നി താഴെ വീഴുന്നതും ഇവിടെ പതിവാണ്.ചൊവ്വാഴ്ച രാവിലെ മംഗ്ലൂര് ഭാഗത്തേക്കുള്ള ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങും മുന്‍പേ ട്രെയിന്‍ നീങ്ങി തുടങ്ങിയതിനാല്‍ ഒരു സ്ത്രീ നടു ഇടിച്ചു താഴെ വീണു. ഇറങ്ങാനാവാതെ സഹയാത്രികര്‍ വണ്ടിക്കകത്തുമായി. പോയന്റ്സ്മാന് ഗാര്‍ഡിന്റെ ഭാഗത്തേക്ക് പോയതിനാല്‍ ഇപ്പുറം നടക്കുന്ന ബഹളം അറിയാനും വൈകി. യാത്രക്കാര്‍ നിലവിളിച്ചതിനാല്‍ വണ്ടി വീണ്ടും നിന്നപ്പോള്‍ ബാക്കിയുള്ള അഞ്ചാറുപേര്‍ക്കും ഇറങ്ങാനായി. വിവരമറിഞ്ഞ് കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളും പഞ്ചായത്ത് അംഗവും സ്റ്റേഷന് മാസ്റ്റരോട് പരാതിയുടെ ഗൗരവം ധരിപ്പിച്ചു. ഇനിമുതല്‍ ആ പ്രത്യേക ബോഗിയിലെ യാത്രക്കാര്‍ ഇറങ്ങിയെന്ന് ഉറപ്പാകും വരെ ട്രെയിന്‍ സ്റ്റേഷന് വിടില്ലെന്നു സ്റ്റേഷന് മാസ്റ്റര്‍ അവര്‍ക്ക് ഉറപ്പ് നല്കി. ഏതാനും മാസം മുന്‍പ് മറ്റൊരു ട്രെയിനില്‍ നിന്ന് ഇതേ രീതിയില്‍ ഇറങ്ങാനാവാതെ ഒരു മധ്യവയസുകാരി ഓടാന്‍ തുടങ്ങിയ ട്രെയിനില്‍ നിന്ന് പാളത്തില്‍ വീഴാതെ അദ്ഭുതമായി രക്ഷപ്പെട്ടിരുന്നു . അന്ന് ബോഗിയിലെ യാത്രക്കാരായ പലര്‍ക്കും ഇറങ്ങാനാവാതെ കാസര്‍കോട് വരെ യാത്ര ചെയ്യേണ്ടിവന്നു. അടുത്ത ട്രെയിന്‍ പിടിച്ചായിരുന്നു അന്ന് കോട്ടിക്കുളത്തേക്ക് മടക്കയാത്ര.
