ട്രെയിനില്‍ ബോംബ് വെച്ചതായി ഫോണ്‍ സന്ദേശം നല്‍കിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി; ബങ്കളം സ്വദേശി പി.വി. രതീഷ് ആണ് പിടിയിലായത്

കാഞ്ഞങ്ങാട്: ട്രെയിനില്‍ ബോംബ് വെച്ചതായി പോലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും ഫോണ്‍ സന്ദേശം നല്‍കിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ബങ്കളം സ്വദേശി പി.വി. രതീഷ് (42) ആണ് ഹോസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് കാഞ്ഞങ്ങാട്, കാസര്‍കോട് പോലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും 112 നമ്പറിലേക്കും ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പോലീസ് നായയും വിവിധ ട്രെയിനുകളില്‍ പരിശോധന നടത്തിയെങ്കിലും ബോംബോ മറ്റ് സംശയാസ്പദ വസ്തുക്കളോ കണ്ടെത്താനായില്ല. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കാഞ്ഞങ്ങാട് ഭാഗത്തുണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷന്‍ മാവുങ്കാലിലേക്ക് മാറിയതോടെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. അനില്‍കുമാറിന്റെയും സി.ഐ. ദിനേശിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാവുങ്കാല്‍ മേല്‍പ്പാലത്തിനടിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കാസര്‍കോട് നിന്ന് എത്തിയ മലബാര്‍ എക്‌സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ജി.ആര്‍.പി.യും ആര്‍.പി.എഫും സംയുക്തമായി ട്രെയിനില്‍ വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ ബോംബോ മറ്റ് സംശയാസ്പദ വസ്തുക്കളോ കണ്ടെത്തിയില്ല. കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുറാം എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴും ട്രെയിനില്‍ വിശദമായ പരിശോധന നടത്തി. ഇതിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

error: Content is protected !!