വനിതാ സൗജന്യ യാത്ര: കെ.എസ്.ആര്‍.ടി.സി നിറഞ്ഞോടുന്നു, ജീവനക്കാര്‍ക്ക് ‘കഷ്ടകാലം’

ബാബു കോട്ടപ്പാറ

കാഞ്ഞങ്ങാട്: : കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയതോടെ ബസുകള്‍ നിറഞ്ഞോടുന്നുണ്ടെങ്കിലും ജീവനക്കാരും കോര്‍പ്പറേഷനും കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് വരുമാനം കുത്തനെ ഇടിഞ്ഞതും ജോലിഭാരം കൂടിയതും ജീവനക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസം മംഗലാപുരം കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടന്ന  കെ എ എസ് ആര്‍ ടി സി.ബസ് കങ്കനാടി എത്തിയപ്പോള്‍ ഏകദേശം
100 ലധികം പേരാണ് ഇവിടെ നിന്ന് കയറിയത്.92 ശതമാനം വനിതകള്‍ സൗജന്യ ടിക്കറ്റ് നല്‍കിയ കണ്ടക്ടര്‍ക്ക് എട്ട് പുരുഷന്മാര്‍ക്ക് മാത്രമോ പണം വാങ്ങി ടിക്കറ്റ് നല്‍കാന്‍ ഉണ്ടായിരുന്നുള്ളു യെന്ന് ജീവനക്കാര്‍ പറയുന്നു. സൗജന്യ യാത്ര പ്രയോജനപ്പെടുത്തി സ്ത്രീകള്‍ വലിയ തോതില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെ പല റൂട്ടുകളിലും ബസുകള്‍ നിറഞ്ഞുകവിയുകയാണ്. തിരക്കേറിയ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് പോലും ബസില്‍ കയറാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

കളക്ഷന്‍ കൂടി, പക്ഷേ പണമില്ല

നേരത്തെ 15,000 രൂപ വരെ ദിവസ കളക്ഷന്‍ കിട്ടിയിരുന്ന ബസുകള്‍ക്ക് ഇപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും കൈയില്‍ കിട്ടുന്ന പണം നേര്‍പകുതിയില്‍ താഴെയായി. സ്ത്രീകള്‍ക്ക് ടിക്കറ്റ് സൗജന്യമായതിനാല്‍ കളക്ഷനായി രേഖപ്പെടുത്തുന്ന തുക സര്‍ക്കാരില്‍ നിന്ന് കോര്‍പ്പറേഷന് പിന്നീട് കിട്ടേണ്ടതാണ്. ഈ തുക യഥാസമയം ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നു.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തിരക്ക്

സൗജന്യ യാത്ര വന്നതോടെ പല സ്ത്രീകളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പ്രധാന ക്ഷേത്രങ്ങളിലേക്കും യാത്ര ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ദീര്‍ഘദൂര ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്ക് രാവിലെ എട്ടിന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട് കെഎസ്ആര്‍ടിസി ബസില്‍ പല സ്ത്രീകളും ചവുട്ടുപ്പടികളില്‍ നിന്നാണ് യാത്ര ചെയ്തത്.

ആണ്‍കുട്ടികള്‍ക്ക് അപകര്‍ഷത

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട സമയത്ത് ഒരു ബസ് സ്റ്റോപ്പില്‍ 30-ഓളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബസിന് കാത്തുനിന്നിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് വന്നപ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാവരും അതില്‍ കയറി. ആണ്‍കുട്ടികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. ‘സഹപാഠിയും അനുജത്തിയും ഒക്കെ കയറിപ്പോകുമ്പോള്‍ ഞങ്ങള്‍ക്ക് മാത്രം ടിക്കറ്റെടുക്കണം. ലിംഗ വിവേചനം കൊണ്ട് മാറ്റിനിര്‍ത്തപ്പെടുന്നതായി തോന്നുന്നു’ എന്ന് ഒരു വിദ്യാര്‍ത്ഥി അപകര്‍ഷതയോടെ പ്രതികരിച്ചു.

കണ്ടക്ടര്‍മാര്‍ക്ക് ഇരട്ടി ജോലി

‘നേരത്തെ ജീവനക്കാരുടെ കുറവ് വന്നാല്‍ ഞങ്ങള്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എടുക്കുമായിരുന്നു. ഇപ്പോള്‍ അതിന് സാധിക്കുന്നില്ല’ എന്ന് ഒരു കണ്ടക്ടര്‍ പറഞ്ഞു. ബസ് നിറയെ യാത്രക്കാര്‍ക്ക് ‘സീറോ ടിക്കറ്റ്’ നല്‍കുകയും അതിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഇത് വലിയ ജോലിഭാരമാണ് ഉണ്ടാക്കുന്നത്. തിരക്കുള്ള സമയത്ത് ഓരോ സ്റ്റോപ്പിലും നൂറുകണക്കിന് പേര്‍ക്ക് ടിക്കറ്റ് നല്‍കേണ്ട അവസ്ഥയാണ്.

സര്‍ക്കാര്‍ ഇടപെടണം

സൗജന്യ യാത്രയുടെ കണക്കെടുപ്പിന് വേണ്ടി അധിക ജീവനക്കാരെ നിയമിക്കുകയോ, സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരില്‍ നിന്ന് യഥാസമയം സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ലക്ഷങ്ങള്‍ വാങ്ങുന്ന ശമ്പളക്കാരിക്കും സൗജന്യം വേണോ?”

”മാസം ഒന്നര ലക്ഷം ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കും, കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണ സ്ത്രീക്കും ഒരുപോലെ സൗജന്യ യാത്ര നല്‍കുന്നത് ശരിയല്ല. ഒരു വരുമാന മാനദണ്ഡം വെച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയായിരുന്നു” എന്നാണ് യാത്രക്കാരിലും ബസുടമകള്‍ക്കിടയിലും ഉയരുന്ന പ്രധാന ആക്ഷേപം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി പദ്ധതി പരിമിതപ്പെടുത്തണമെന്ന് പലരും അഭിപ്രായപ്പെടുന്നു.

മുഖം തിരിഞ്ഞു നിന്നവര്‍ ഇന്ന് കാത്തുനില്‍ക്കുന്നു

നേരത്തെ കെ.എസ്.ആര്‍.ടി.സി ബസിനെ കണ്ടാല്‍ മുഖം തിരിച്ചു നില്‍ക്കുകയും സ്വകാര്യ ബസിനായി കാത്തിരിക്കുകയും ചെയ്തിരുന്നവര്‍ പോലും ഇന്ന് കെ.എസ്.ആര്‍.ടി.സിയുടെ വരവിനായി ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് ബസ് സ്റ്റാന്‍ഡുകളില്‍.

 

error: Content is protected !!