മട്ടന്നൂരില്‍ ഉംറ തീര്‍ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസ്സിന് തീപ്പിടിച്ചു

മട്ടന്നൂര്‍ (കണ്ണൂര്‍): മട്ടന്നൂരില്‍ ഉംറ തീര്‍ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. മട്ടന്നൂര്‍ ശിവപുരത്ത് ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. 42 പേരാണ് ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. മാനന്തവാടിയില്‍ നിന്ന് ഉംറ തീര്‍ഥാടകരുമായി കണ്ണൂര്‍
വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്.
ബസ് ശിവപുരം ടൗണിലെത്തിയപ്പോള്‍ പുക വരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ ബസിലെ യാത്രക്കാരെ ഇറക്കുകയും ബാഗുകളും മറ്റും
നീക്കം ചെയ്യുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മട്ടന്നൂരില്‍ നിന്നു അഗ്നിശമന വിഭാഗവും
നാട്ടുകാരും ചേര്‍ന്നു തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു.
തീപ്പിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന രണ്ടു കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. സമീപത്തെ ബേക്കറിയുടെയും ഫ്രൂട്ട്‌സ് കടയുടെയും നെയിംബോര്‍ഡിനും
മുസ്ലീം ലീഗ് ഓഫീസിന്റെ ജനലിനും കേടുപാടുകള്‍ സംഭവിച്ചു. രണ്ടു ബസുകളിലായാണ് ഉംറ തീര്‍ഥാടകര്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. അപകടത്തിന് ശേഷം
യാത്രക്കാരെ മറ്റൊരു ബസില്‍ വിമാനത്താവളത്തിലെത്തിച്ചു.

error: Content is protected !!