കെ.എസ്.ആര്‍.ടി.സി ബസില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി യുവാവ് പിടിയില്‍

മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി ബസില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഏകദേശം 80 ലക്ഷം രൂപ വിലവരുന്ന 595.68 ഗ്രാം സ്വര്‍ണാഭരണങ്ങളുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി സുരജിത് ഖോറായിയെയാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.മംഗളൂരു ഭാഗത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ആവശ്യമായ രേഖകളൊന്നുമില്ലാതെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ തുടര്‍നടപടികള്‍ക്കായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് കൈമാറി.മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസഫിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേശന്‍, പ്രിവന്റീവ് ഓഫീസര്‍ പ്രജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഖില്‍, പവിത്രന്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

error: Content is protected !!