കാസര്‍കോട്: ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 43 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ നല്‍കിയ സൗജന്യ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ശ്രി. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോഴ്സ് പൂര്‍ത്തിയാക്കിയ മുഴുവന്‍ പേര്‍ക്കും ഹോസ്പിറ്റലില്‍ തന്നെ നിയമനം നല്‍കിക്കൊണ്ട് അവരുടെ ജീവിതമാര്‍ഗ്ഗം ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചു.
ആരോഗ്യമേഖലയിലെ പ്രൊഫഷണല്‍ വൈദഗ്ധ്യവും ആവശ്യമായ പ്രായോഗിക അറിവുകളും പകര്‍ന്നുനല്‍കുന്നതിനായി ആറുമാസക്കാലം നീണ്ടുനിന്ന തീവ്ര പരിശീലന പരിപാടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഉപരിപഠനമോ മികച്ച തൊഴിലോ കണ്ടെത്താന്‍ പ്രയാസപ്പെട്ട ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള യുവതി യുവാക്കള്‍ക്കാണ് ഈ പദ്ധതി ആശ്വാസമായത്.
വെറുമൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനപ്പുറം യുവ തലമുറയെ സ്വയംപര്യാപ്തരാക്കുന്ന ഇത്തരം വികസന ഇടപെടലുകളാണ് നമ്മുടെ സമൂഹത്തിന് ഇന്നാവശ്യം. കാസര്‍കോട്ടെ പിന്നാക്ക മേഖലകളില്‍ നിന്നുള്ള ഈ കുട്ടികള്‍ക്ക് അന്തസ്സുള്ള ഒരു തൊഴിലും മികച്ച ജീവിതസാഹചര്യവും ഒരുക്കിനല്‍കിയ ഈ പദ്ധതി ഏറെ പ്രശംസനീയമാണ്. ഈ യുവാക്കള്‍ക്ക് ആരോഗ്യരംഗത്ത് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാന്‍ ഇത് സഹായകരമാകട്ടെ എന്ന് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ ഉദഘാടന വേളയില്‍ സംസാരിച്ചു.
ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസൂരി വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകള്‍ കൈമാറി. ആരോഗ്യപരിപാലന രംഗത്ത് കാരുണ്യവും മികവുമുള്ള ജീവനക്കാരുടെ പങ്ക് വളരെ വലുതാണ്. ആറുമാസത്തെ പരിശീലനത്തിലൂടെ ഇവര്‍ നേടിയെടുത്തത് വെറുമൊരു തൊഴില്‍ യോഗ്യത മാത്രമല്ല മറിച്ച് ഒരു ജനതയെ സേവിക്കാനുള്ള കരുത്താണ്. ഈ നേട്ടം കൈവരിച്ച 43 പേരെയും ആസ്റ്റര്‍ മിംസിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് സി.ഓ.ഓ. സുധീര്‍ ബാസൂരി പറഞ്ഞു. ഡോ. അമീന്‍ ഗുല്‍ഷന്‍, ഡോ. ഷഹനാദ് പി.എം.എ, ഡോ. അശ്വന്ത് തുടങ്ങിയവര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.
ഗ്രാമീണ മേഖലകളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവാക്കള്‍ക്ക് കൃത്യമായ പരിശീലനവും തൊഴിലും നല്‍കുന്നതിലൂടെ അവരുടെ കുടുംബങ്ങളെ സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളില്‍ തങ്ങളുടെ സേവനം ആരംഭിച്ചുകഴിഞ്ഞു. പ്രാദേശിക തലത്തിലുള്ള ഇത്തരം തൊഴിലധിഷ്ഠിത വികസന മാതൃകകള്‍ യുവജന ശാക്തീകരണത്തിന് വലിയൊരു പ്രചോദനമാണ് നല്‍കുന്നതെന്ന് ആശുപത്രി മാനേജ്മന്റ് വ്യക്തമാക്കി.
