കാസര്‍കോട്: ടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊറഗ തനത് പദ്ധതിയിലെ ബാലസഭ കുട്ടികളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു കലക്ടറുമായി സംവദിക്കുകയെന്നത് . ജില്ലാ കലക്ടര്‍ക്കും കുട്ടികള്‍ക്കൊപ്പം സമയം പങ്കിടാന്‍ ഏറെയിഷ്ടമാണ്. കലക്ടര്‍ വിഭാവനം ചെയ്ത കുട്ടികളുടെ പ്രതിവാര അഭിമുഖ പരിപാടിയായ ‘നമസ്തേ കലക്ടറില്‍ മൂന്നാമത്തെ തവണയാണ് ഉന്നതിയിലെ കുട്ടികള്‍ പങ്കെടുക്കുന്നത്. സ്വപ്നങ്ങള്‍ കാണാനും അവ നേടിയെടുക്കാന്‍ പ്രയത്നിക്കേണ്ടുന്നതിനെ കുറിച്ചും കലക്ടര്‍ വാചാലമാവുന്നതോടൊപ്പം സ്വാനുഭവങ്ങളും കുട്ടികളോട് പങ്കുവെക്കും. അഭിപ്രായങ്ങള്‍ സധൈര്യം പറയാനും, അവ അനുഭാവപൂര്‍വം പരിഗണിക്കവേയാണ് മീഞ്ച കുളൂര്‍ ഉന്നതിയിലെ രക്ഷിതും, നിഷിതും യാത്രാ ക്ലേശവും, കുഞ്ഞു മനസിലെ സൈക്കിള്‍ സവാരി മോഹവും അറിയിച്ചത്. ഉടന്‍ തന്നെ വേണ്ട ക്രമീകരണങ്ങള്‍ നടത്തി കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് ഉന്നതിയില്‍ നേരിട്ടെത്തി സൈക്കിള്‍ സമ്മാനിച്ചു. മീഞ്ച സി ഡി എസ് ചെയര്‍പേഴ്സണ്‍ പത്മജ, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ യദുരാജ്, സി ഡി എസ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ സംബന്ധിച്ചു.
