കാസര്‍കോട്:ദേശീയ പാത നിര്‍മ്മാണം തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു.
സര്‍വീസ് റോഡുകളില്‍ ഗതാഗത കുരുക്ക് തടയാനും
മണ്ണിടിച്ചിലും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനും കര്‍ശന നടപടിക്ക് നിര്‍ദ്ദേശം.മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ദേശീയപാതനിര്‍മ്മാണ പരിധിയിലുള്ള നഗരസഭ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നത്. മണ്ണിടിച്ചിലും വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
ദേശീയ പാതയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.
കാസര്‍കോട് നഗരസഭയില്‍ നുള്ളിപ്പാടിയില്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡില്‍ നിന്ന്
ദേശീയ പാതയിലേക്ക് പ്രവേശിക്കാന്‍ സംവിധാനമൊരുക്കണമെന്ന് കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു അടിയന്തരമായി പരിശോധിച്ച് ഗതാഗതം സുഗമമാക്കാന്‍ അധികമായി എന്‍ട്രി പോയിന്റ് കൊടുക്കുന്നതിന് നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ദേശീയ പാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി, മോട്ടോര്‍ വാഹന വകുപ്പും പൊലീസും ദേശീയ പാത അതോറിറ്റിയും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു
തലപ്പാടി മുതല്‍ കാലിക്കടവ് വരെ വിവിധ പ്രദേശങ്ങളില്‍ കാലവര്‍ഷത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുന്നതിന് റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിര്‍മാണ കരാര്‍ കമ്പനികള്‍ നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ് പറഞ്ഞു.
കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളേജിന് മുന്നിലും ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും കാല്‍ നടയ്ക്കുള്ള മേല്‍ പാലം നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗവും ചെറുവത്തൂര്‍ വീരമല കുന്നിലും മട്ടലായി കുന്നിലും മണ്ണിടിച്ചില്‍ ഭീഷണി നിലവിലുണ്ടെന്നും ദുരന്തം സംഭവിക്കാതിരിക്കാന്‍ മണ്‍സൂണിന് മുമ്പായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അറിയിച്ചു. ഫുട്ഓവര്‍ ബ്രിഡ്ജുകളും ബസ്സ് ഷെല്‍ട്ടറുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ സമയബന്ധിതമായി സ്ഥാപിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കാസര്‍കോട് ജില്ലയിലെ
ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാര്‍ യോഗത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു.
ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ് ദേശീയ പാത നിര്‍മാണ കരാര്‍ കമ്പെനി പ്രതിനിധികള്‍ എന്നിവര്‍ നിലവില്‍ നടന്നു വരുന്ന നിര്‍മാണ പുരോഗതി യോഗത്തില്‍ വിശദീകരിച്ചു .
വീടുകളിലേക്ക് വെള്ളം കയറി മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പ്രത്യേകം റിലീഫ് ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ദുരന്ത സാധ്യത തടയുന്നതിന് നിര്‍മാണ പുരോഗതി സമയ ബന്ധിതമായി അവലോകനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാസര്‍കോട് ആര്‍ഡിഒ ബിനുജോസഫ് കാഞ്ഞങ്ങാട് ആര്‍ഡിഒ കെ.ആര്‍ മനോജ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഓവുചാല്‍ നിര്‍മ്മാണത്തിലെ അപാകത മണ്ണിടിച്ചില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്ത പ്രശ്‌നം തോടുകള്‍ മണ്ണിട്ട് മൂടിയത് എന്നിവ സംബന്ധിച്ച് എല്‍ എസ് ജിഡി, റവന്യു പൊലീസ് ആര്‍ ടിഒ, നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ സംയുക്ത പരിശോധന നടത്തും.
മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വി രമേശന്‍,കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഹനീഫ്,നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമന്‍,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്,മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ ബഷീര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്‍,മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍,മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എ താജുദ്ദീന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സബിത, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുല്ല കുഞ്ഞി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍,ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നാരായണന്‍ , എ ഡി എം കെ വി ശ്രുതി ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ലിപു എസ് ലോറന്‍സ്,കാസര്‍കോട് ആര്‍ഡി ഒ ബിനു ജോസഫ്, കാഞ്ഞങ്ങാട് ആര്‍ ഡി ഒ കെ ആര്‍ മനോജ്, മോട്ടോര്‍ വാഹന വകുപ്പ് ആര്‍ടിഒ ജെ ജെറാഡ്, നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ്, മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികള്‍, യുഎല്‍സിസി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു
