പ്രൊഫ.വി.രാമകൃഷ്ണ ഭട്ടിനും സി.സുരേഷ് കുമാറിനും പുരസ്‌കാരം

കാഞ്ഞങ്ങാട്: വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി
സംസ്‌കൃതഭാഷാപ്രചാരകനും കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി കൃഷ്ണശര്‍മയുടെ പേരിലുള്ള
പണ്ഡിതരത്‌ന പുരസ്‌കാരം പ്രൊഫ.വി.രാമകൃഷ്ണ ഭട്ടും, ശര്‍മ്മാജി പുരസ്‌കാരത്തിന് സി.സുരേഷ് കുമാറും അര്‍ഹരായി.പത്തായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുക.
അദ്വൈത വേദാന്തത്തിലും ന്യായശാസ്ത്രത്തിലും പാണ്ഡിത്യമുള്ള പ്രമുഖ സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായിരുന്നു ഡോ. വി. രാമകൃഷ്ണ ഭട്ട്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വേദാന്ത വിഭാഗത്തിലെ പ്രൊഫസറായും ഡീനായും ശ്രദ്ധേയമായ സേവനം നിര്‍വഹിച്ചിട്ടുണ്ട്.
അദ്വൈത വേദാന്തവും ന്യായവും അദ്ദേഹത്തിന്റെ പ്രത്യേക പഠനമേഖലയാണ്. എം.എ. ന്യായ, എം.എ. വേദാന്ത, പി.എച്ച്.ഡി എന്നീ ഉയര്‍ന്ന അക്കാദമിക യോഗ്യതകള്‍ നേടിയിട്ടുണ്ട്. ഗവേഷണരംഗത്തും അധ്യാപനരംഗത്തും സമാനമായി മികവ് തെളിയിച്ച വ്യക്തിയാണ്. കാലടി സ്വദേശിയാണ്. ഭാഷാ പണ്ഡിതന്മാര്‍ക്കുളള കേന്ദ്രഗവണ്‍മെന്റിന്റെ പണ്ഡിതന്മാര്‍ക്കുള്ള പുരസ്‌കാര ജേതാവാണ് . ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് മെമ്മോറിയല്‍ ദേവിപ്രസാദം അവാര്‍ഡ്, ശ്രീകളിയത്ത് പരമേശ്വര ഭാരതി സ്വാമി മെമ്മോറിയല്‍ അവാര്‍ഡ്, വാചസ്പതി അവാര്‍ഡ്, രാമവര്‍മ്മ തമ്പുരാന്‍ മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് പൂനത്ത് സ്വദേശിയായ സി സുരേഷ് കുമാര്‍ നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ സംസ്‌കൃതാധ്യാപകനാണ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി സംസ്‌കൃതം പഠിപ്പിക്കുന്ന സുരേഷ് കുമാര്‍ കേരളസംസ്‌കൃതാധ്യാപക ഫെഡറേഷനിലും സംസ്‌കൃതഭാരതിയിലും സജീവമായി പ്രവര്‍ത്തകനാണ്.
സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി 9ന് നടക്കുന്ന സംസ്‌കൃത സംഗമത്തില്‍ വച്ച് രാജ്യസഭാ എംപി. സി. സദാനന്ദന്‍ മാസ്റ്റര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

 

error: Content is protected !!