ഡോ. പവമാന് പി എസ്
(സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്ജന്, ആസ്റ്റര്‍ മിംസ്, കാസര്‍കോട്)
നടത്തം എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും ലളിതവും സ്വാഭാവികവുമായ ഒന്നാണ്. എന്നാല്‍, മസ്തിഷ്കവും പേശികളും തമ്മിലുള്ള ഏകോപനത്തില്‍ നേരിയൊരു തടസ്സം നേരിടുമ്പോള്‍ പോലും ഈ സ്വാഭാവിക ചലനം ഒരു വലിയ വെല്ലുവിളിയായി മാറാം. പാര്‍ക്കിന്‍സണ്‍സ് ബാധിതരില്‍ കണ്ടുവരുന്ന നടത്തത്തിലെ ബുദ്ധിമുട്ടുകളും (Gait disorders) ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതും കേവലം ശാരീരികമായ പരിമിതികള്‍ മാത്രമല്ല. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ആത്മവിശ്വാസത്തെയുമാണ് കവര്‍ന്നെടുക്കുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരം അവസ്ഥകളെ കേവലം വാര്‍ദ്ധക്യസഹജമായ മാറ്റങ്ങളായി കണ്ട് നിസ്സാരവല്ക്കരിച്ചിരുന്നുവെങ്കില്, ഇന്ന് ആധുനിക വൈദ്യശാസ്ത്രം ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാലുകള്‍ തറയില്‍ ഒട്ടിപ്പിടിക്കുന്നതുപോലെ തോന്നിക്കുന്ന ‘ഫ്രീസിങ്’ (Freezing of gait), താളം തെറ്റിയുള്ള നടത്തം എന്നിവയെ മറികടക്കാന്‍ മരുന്നുകള്‍ക്കപ്പുറമുള്ള വിപുലമായ ചികിത്സാ രീതികള്‍ ഇന്ന് ലഭ്യമാണ്.
എന്താണ് പാര്‍ക്കിന്‍സണ്‍സ് രോഗം?
തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തു നിര്‍മ്മിക്കുന്ന കോശങ്ങള്‍ ക്രമേണ നശിച്ചുപോകുന്ന ഒരു പ്രോഗ്രസീവ് ന്യൂറോഡിജെനെറേറ്റീവ് രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഡോപ്പമിനാണ്. ഇതിന്റെ അളവ് കുറയുമ്പോള്‍ ശരീരചലനങ്ങളില്‍ സ്വാഭാവികമായും തടസ്സങ്ങള്‍ ഉണ്ടാകുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങള്‍
വിശ്രമിക്കുമ്പോഴും കൈകള്‍ക്കുണ്ടാകുന്ന വിറയല്‍ (Resting േൃലmor), ചലനങ്ങളുടെ മന്ദഗതി (Bradykinesia), മാംസപേശികള്‍ കഠിനമാകുക തുടങ്ങിയവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. കാലക്രമേണ മുഖഭാവം കുറയുകയും ശബ്ദം മന്ദമാവുകയും നടക്കുമ്പോള്‍ കൈകളുടെ സ്വാഭാവിക ചലനം ഇല്ലാതാവുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതും നടക്കാനുള്ള ബുദ്ധിമുട്ടും കൂടുതല്‍ പ്രകടമായി തുടങ്ങും.
പോസ്റ്റുറല്‍ ഇന്‍സ്റ്റബിലിറ്റിയും ഗെയ്റ്റ് ഡിസോര്‍ഡറും
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനോ വീഴാതെ നേരെ നില്‍ക്കാനോ കഴിയാത്ത അവസ്ഥയെയാണ് പോസ്റ്ററല്‍ ഇന്‍സ്റ്റബിലിറ്റി എന്ന് വിളിക്കുന്നത്. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന നാഡീവ്യൂഹത്തിലുണ്ടാകുന്ന തകരാറുകള്‍ കാരണം പെട്ടെന്നുള്ള ചലനങ്ങളില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ രോഗിക്ക് കഴിയാതെ വരും. ഇത് വീഴാനുള്ള സാധ്യത വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നു. പാദങ്ങള്‍ തറയില്‍ നിന്ന് പൂര്‍ണ്ണമായി ഉയര്‍ത്താതെയുള്ള നടത്തം (shuffling gait), കാലുകള്‍ നിലത്ത് ഒട്ടിപ്പിടിച്ചതുപോലെ തോന്നുന്ന അവസ്ഥ, മുന്നോട്ട് കുനിഞ്ഞുള്ള നടത്തം എന്നിവയെല്ലാം ഗെയ്റ്റ് ഡിസോര്‍ഡറിന്റെ ഭാഗമാണ്. ഇവയെ ഒരുമിച്ച് ‘പോസ്റ്ററല്‍ ഇന്‍സ്റ്റബിലിറ്റി ആന്‍ഡ് ഗെയ്റ്റ് ഡിസോര്‍ഡര്‍’ (PIGD സബ്റ്റൈപ്പ്) എന്നാണ് വൈദ്യശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് കാരണം ഡോപ്പമിന്റെ കുറവ് മാത്രമല്ല. മസ്തിഷ്കവും നാഡീവ്യൂഹവും തമ്മിലുള്ള ഏകോപനക്കുറവ്, കാഴ്ച, ബാലന്‍സ്, സ്പര്‍ശബോധം എന്നിവയുടെ സംയോജനത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ എന്നിവയും ഇതിന് കാരണമാകുന്നുണ്ട്.
ദൈനംദിന വെല്ലുവിളികളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും
സ്വന്തമായി നടക്കാന്‍ കഴിയാത്ത അവസ്ഥയും നിരന്തരമുള്ള വീഴ്ചയ്ക്കുള്ള സാധ്യതയും രോഗികളുടെ ആത്മവിശ്വാസം കെടുത്തുകയും അവരെ സാമൂഹിക ഇടപെടലുകളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ അവസ്ഥയെ ഫലപ്രദമായി നേരിടാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ന്യൂറോളജിസ്റ്റിന്റെ കൃത്യമായ നിര്‍ദ്ദേശപ്രകാരം ലെവോഡോപ്പ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ക്രമീകരിക്കുന്നതാണ് ഇതിലെ ആദ്യപടി. ഇതിനൊപ്പം ബാലന്‍സ് നിലനിര്‍ത്താനുള്ള ഫിസിയോതെറാപ്പി പരിശീലനങ്ങളും ശ്രവണകാഴ്ചാ ഉത്തേജകങ്ങള്‍ (Visual/Auditory cues) ഉപയോഗിച്ചുള്ള പരിശീലനങ്ങളും ഏറെ ഫലപ്രദമാണ്. ജീവിതശൈലിയില്‍ യോഗ, തായ് ചി, ചിട്ടയായ നടത്തം എന്നിവ ഉള്‍പ്പെടുത്തുന്നത് പേശികള്‍ക്ക് അയവ് നല്‍കും. വീടിനുള്ളില്‍ വീഴ്ച ഒഴിവാക്കാന്‍ ബാത്ത്റൂമുകളിലും മറ്റും ‘ഗ്രാബ് ബാറുകള്‍’ സ്ഥാപിക്കുന്നത് സുരക്ഷ ഉറപ്പാക്കും. കൂടാതെ, ആവശ്യമെങ്കില്‍ വാക്കര്‍ അല്ലെങ്കില്‍ കെയ്ന്‍ പോലുള്ള സഹായ ഉപകരണങ്ങള്‍ ഉപയോഗിക്കാനും രോഗികള്‍ മടികാണിക്കേണ്ടതില്ല.
നൂതന ചികിത്സാ രീതികള്‍
ആധുനിക ചികിത്സാ രംഗത്ത് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. വെര്‍ച്വല്‍ റിയാലിറ്റി (VR) ഉപയോഗിച്ചുള്ള അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പിയും ലേസര്‍ ഷൂസ് പോലുള്ള നൂതന ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. മരുന്നുകള്‍ കൊണ്ട് മാത്രം നിയന്ത്രിക്കാനാവാത്ത ഘട്ടത്തില്‍, തലച്ചോറില്‍ ഇലക്ട്രോഡുകള്‍ സ്ഥാപിച്ച് ചലനങ്ങളെ നിയന്ത്രിക്കുന്ന ‘ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍’ (DBS) എന്ന ചികിത്സാരീതി വലിയൊരു ആശ്വാസമാണ്. രോഗിയുടെ നടത്തത്തിലെ നേരിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കാനും വീഴ്ചകള്‍ മുന്‍കൂട്ടി പ്രവചിക്കാനും സഹായിക്കുന്ന സ്മാര്‍ട്ട് സെന്‍സറുകള്‍ ഉള്‍പ്പെടുന്ന വെയറബിള്‍ സാങ്കേതികവിദ്യയും ഇന്ന് സജീവമായി ഉപയോഗിക്കുന്നുണ്ട്.
പാര്‍ക്കിന്‍സണ്‍സ് രോഗം കേവലം കൈവിറയലില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് ഒരു വ്യക്തിയുടെ ചലനസ്വാതന്ത്ര്യത്തെയും അതിലൂടെ ആത്മവിശ്വാസത്തെയുമാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ‘നടക്കാന്‍ ബുദ്ധിമുട്ടാണ്’ എന്ന തോന്നല്‍ ഒരിക്കലും ജീവിതത്തിന്റെ അവസാനമല്ല. മറിച്ച്, ചികിത്സാ രീതിയില്‍ മാറ്റം വരുത്തേണ്ട സമയമായി എന്ന തിരിച്ചറിവാണത്. ആധുനിക മരുന്നുകള്‍ക്കൊപ്പം ചിട്ടയായ ഫിസിയോതെറാപ്പിയും നൂതന സാങ്കേതിക വിദ്യകളും ഒത്തുചേരുമ്പോള്‍ ഏത് പാര്‍ക്കിന്‍സണ്‍സ് രോഗിക്കും തളരാതെ മുന്നോട്ട് പോകാനാകും. രോഗത്തെ ഭയപ്പാടോടെയല്ല, തികഞ്ഞ ശാസ്ത്രീയ അവബോധത്തോടെയും കരുതലോടെയുമാണ് നേരിടേണ്ടത്.
