കേരളം വിധിയെഴുതി; കനത്ത പോളിങ് ആരെ തുണക്കും? കൂട്ടിയും കിഴിച്ചും മുന്നണികള്‍; ഇനി 25 ദിവസം നീണ്ട കാത്തിരിപ്പ്

തിരുവനന്തപുരം: സംസ്ഥാനം കണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ കേരളം വിധിയെഴുതി. കേരളം ഇനി ആര് ഭരിക്കണമെന്നറിയാന്‍ 25 ദിവസം നീണ്ട കാത്തിരിപ്പ്. കനത്ത പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 78.20 ശതമാനാണ് പോളിങ്. കോഴിക്കോട്ടും പാലക്കാടും പോളിങ് 80 ശതമാനം കടന്നു. സംസ്ഥാനത്തു പലയിടത്തും പോളിങ് അവസാനിക്കാത്തതിനാല്‍ നിരക്കു ഉയരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. 2021ല്‍ 76 ശതമാനമായിരുന്നു പോളിങ്. എസ്.ഐ.ആറിന് ശേഷം ഇത്തവണ ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 3.6 ലക്ഷത്തോളം കുറവു വന്നിട്ടും പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് മുന്നണികള്‍. മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുമ്പോള്‍, നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നു. തൂക്ക് സഭ വരുമെന്നും എന്‍.ഡി.എ നിര്‍ണായക ശക്തിയാകുമെന്നും ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. മേയ് നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍ വോട്ടുകളാണ് (മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടേത്) ആദ്യം എണ്ണുക. അവ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയതിനാല്‍ എണ്ണിത്തീര്‍ക്കാന്‍ സമയമെടുക്കും. തുടര്‍ന്നാണ് വോട്ടുയന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുക. ക്രമനമ്പര്‍ അനുസരിച്ച് ഓരോ ബൂത്തിലെയും യന്ത്രങ്ങള്‍ ഡീകോഡ് ചെയ്ത് ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ എത്രയെന്ന് കണക്കാക്കും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഇത് നടക്കുക. ഓരോ ബൂത്തിലും ആര്‍ക്കാണ് ലീഡെന്ന് അറിയാം. ജനവിധിയെക്കുറിച്ച് സൂചന നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 29ന് വൈകീട്ട് ആറിന് ശേഷമേ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവിടാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. മേയ് 23ന് പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കും.

 

error: Content is protected !!