കാഞ്ഞങ്ങാട്: നെഹ്‌റു കോളേജില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
സന്ദീപ് വാര്യര്‍, മുജ്താബ, എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്. എസ്എഫ്‌ഐ പ്രവര്‍ത്തകനും നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയുമായ എം.ശ്രീഹരിയുടെ പരാതിയിലാണ് കേസ്. ശ്രീഹരി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാം എന്നിവരെ സന്ദീപ് വാര്യരും സംഘവും പിടിച്ചുതള്ളുകയും കോളറിന് പിടിച്ച് കറക്കി താഴെയിടുകയും കൂടെയുണ്ടായിരുന്ന നിരഞ്ജന ഷാജിയെ പിടിച്ചു തള്ളുകയും മുടിക്ക് പിടിച്ച് തള്ളുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരും മറ്റുള്ളവരും നെഹ്‌റു കോളേജില്‍ എത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് മാത്രമേ കോളേജിനകത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്ന് പറഞ്ഞ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാം ഇവരെ തടഞ്ഞപ്പോള്‍ സന്ദീപ് വാര്യരും കൂടെയുള്ളവരെ അക്രമിച്ചുവെന്നാണ് ശ്രീഹരി നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം കോളേജില്‍ പര്യടനത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ അക്രമിച്ചുവെന്ന പരാതിയില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാം ഉള്‍പ്പെടെ 25 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.
