ടി. ഉബൈദ്- ഇശലുകളുടെയും കവിതകളുടെയും മഹാകവി ജന്മദിനം

പ്രഭാകരന്‍ കാഞ്ഞങ്ങാട്

ഈ പേരിനുപോലും മധുരമുള്ള ഒരു ഇശലിന്റെ സുഗന്ധമുണ്ട്. കവിതയുടെ വസന്തകാലം പിറന്നതും സംഗീതമായി അതു മാപ്പിളപ്പാട്ടിനോട് ചേര്‍ന്നുനിന്നതും ഉത്തരദേശത്തിന്റെ ജനത മറന്നിട്ടില്ല. കവിതയ്ക്ക് കെസ്സുപാട്ടിന്റെ കസവുകെട്ടിയ ടി. ഉബൈദ് എന്ന നാമത്തിന് കവിതയുടെയും മാപ്പിളപ്പാട്ടിന്റെയും മനോഹരമായ വൃത്തവും താളവുമുണ്ട്. തുളുനാടിന്റെ കവി മനസ് കവിതയെയും മാപ്പിളപ്പാട്ടിനെയും ഒരുമിച്ചു പ്രണയിച്ചപ്പോള്‍ മനസുറച്ചുപാടാന്‍ ഒരു പാടു കവിതകളും മൊഞ്ചുള്ള പാട്ടുകളും കിട്ടി. കോകിലങ്ങളും പൈങ്കിളികളും നിറഞ്ഞ ഈ പൂന്തോപ്പില്‍ എങ്ങുനിന്നോ ഒരു കാക്ക കയറിവന്നിരിക്കുകയാണെന്ന് കോഴിക്കോട്ടെ സാഹിത്യസദസില്‍ വെച്ച് ചങ്കൂറ്റത്തോടെ പറയാന്‍ ടി. ഉബൈദെന്ന കാസര്‍കോടന്‍ കവിക്കുമാത്രമേ കഴിഞ്ഞിട്ടുള്ളൂ. പേരെടുത്ത മാപ്പിളപ്പാട്ടു ഗായകരായിരുന്ന ബാപ്പയ്ക്കും ഉമ്മയ്ക്കും പിറന്നതിനാലാണ് താന്‍ മഹാകവിയായതെന്നൊന്നും ടി. ഉബൈദ് പറഞ്ഞുനടന്നില്ല. 1908 ഒക്ടോബര്‍ 7ന് കാസര്‍കോട്ടെ തളങ്കരയില്‍ ജനിച്ചു. കന്നഡയിലായിരുന്നു പാട്ടെഴുത്ത് തുടങ്ങിയത്. അറബി ബെയ്ത്തിന്റെ രീതിയില്‍ പിന്നീട് കീര്‍ത്തനങ്ങള്‍ എഴുതിവെച്ചു. തളങ്കരയിലും ബാങ്കോട്ടും ഖാസിലേനിലും തൊപ്പിയടിക്കുന്നവര്‍ പാടിക്കേട്ട ബദറിലേയും ഉഹദ് കാവ്യങ്ങളിലെയും ശീലുകള്‍ മാപ്പിളപ്പാട്ടിന്റെ രചനാസങ്കേതങ്ങളിലേക്ക് വഴികാട്ടിയായി. അര്‍ത്ഥസംപുഷ്ടമായ രചനാ രീതിയിലൂടെ ഉബൈദെന്ന ബാലന്‍ രചനയുടെ പുതിയ വഴികള്‍ തുറന്നു. ബാപ്പയുടെ തുന്നല്‍ക്കടയിലെ വസ്ത്രവിസ്മയങ്ങളുടെ രൂപങ്ങള്‍ നോക്കി മലയാളം പഠിച്ചവനാണ് വടക്കിന്റെ ഈ മഹാകവി. എന്നിട്ടും അദ്ദേഹം മലയാളത്തിനും തുളുവിനും കര്‍ണ്ണാടകത്തിനും പ്രിയപ്പെട്ടവനായി. തറയ്ക്കും പറയ്ക്കും പകരം സ്ലേറ്റിലെഴുതിയത് കാച്ചിയും തട്ടവുമെന്നാണ്. ലുങ്കിയും കഞ്ചിപ്രാക്കും കവിക്ക് മലയാളത്തിന്റെ സ്വന്തം അക്ഷരമാലകളായി. 1924 ല്‍ ആണ് അദ്ധ്യാപകനാകുന്നത്.മുഹിസുല്‍ ഇസ്ലാം സ്‌ക്കൂളില്‍. സഹപ്രവര്‍ത്തകനായിരുന്ന കുഞ്ഞോയി മൗലവി മാസ്റ്റര്‍ക്ക് സ്ഥിരമായി തപാലില്‍ വന്നിരുന്ന അല്‍ അമീന്‍ വായിച്ച് ഭാഷയുടെ സൗന്ദര്യവും സുഗന്ധവുമറിഞ്ഞ് സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ സൂചനകള്‍ സ്വയം തിരിച്ചറിഞ്ഞു. ഗുരുവര്യന്റെ മരണമാണ് ആദ്യത്തെ പാട്ടുകെട്ടിന് നിമിത്തമായത്. ഖാസി അബ്ദുള്ളഹാജി എന്ന ഗുരുവിന്റെ മരണത്തെക്കുറിച്ചാണ് ആദ്യത്തെ പാട്ടെഴുതിയതും പൊതുവേദില്‍ അവതരിപ്പിച്ചതും. പതിനഞ്ചുകാരന്‍ മകന്റെ കഴിവു തിരിച്ചറിഞ്ഞ് പാട്ടുകാരനായ ബാപ്പ സമ്മാനിച്ച ഷാളും പുതച്ചാണ് അന്ന് വേദിയില്‍ പാട്ടുപാടാന്‍ പോയത്. 1926 ല്‍ അല്‍ അമീനില്‍ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. കാസര്‍കോടന്‍ മുസ്ലീമിങ്ങളുടെ സാംസ്‌കാരിക ജീവിതത്തെ കുറിച്ചായിരുന്നു ഇത്. ഇവിടുത്തെ പണ്ഡിതന്‍മ്മാരില്‍ ഭൂരിഭാഗവും അന്ധവിശ്വാസ പ്രചാരകരായി മാറുന്നുവെന്ന ലേഖനത്തിലെ സൂചന ഒരു വാഭാഗത്തെ അസ്വസ്ഥരാക്കി. ചോദ്യം ചെയ്യാന്‍ പള്ളിയങ്കണത്തില്‍ ചേര്‍ന്ന നാട്ടുപ്രമാണികളുടെ കൂട്ടത്തിലേക്ക് വിളിപ്പിച്ചു. കുറ്റം ആരോപിപ്പിക്കപ്പെട്ട ലേഖനം ഉറക്കെ വായിക്കാനാണ് തീരുമാനമുണ്ടായത്. ഉബൈദ് വായന തുടങ്ങി. കാസര്‍കോട്ടെ പണ്ഡിതന്‍മ്മാര്‍ ഭൂരിഭാഗവും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന ഭാഗത്തെത്തിപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു. ‘ആരിക്കാടാ മൂരിവാതം’ എന്ന ചോദ്യമുയര്‍ന്നു. ഉബൈദ് പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ഭൂരിഭാഗമെന്ന് ഉറക്കെവായിച്ചു. സദസില്‍ വലിയൊരു വിഭാഗം കൂടെ ചിരിക്കാന്‍ തുടങ്ങി. ഈ ചിരിയില്‍ വിചാരക്കെത്തിയവരുടെ വിദ്വേഷവും അലിഞ്ഞില്ലാതായി. ആദ്യത്തെ കവിത പ്രസിദ്ധീകരിക്കുന്നത് യുവലോകം വാരികയിലാണ്. സാമൂഹികസാംസ്‌കാരിക രംഗത്തെ ശക്തമായ മാറ്റങ്ങള്‍ക്ക് നിദാനമായ രണ്ട് ഉദ്ബോദനങ്ങള്‍ 1931 ല്‍ പ്രസിദ്ധീകരിച്ചു. ഷെറൂള്‍ സാഹിബ് എന്ന നാട്ടുകരനോടൊപ്പം ചേര്‍ന്നാണ് ഇത് എഴുതിയത് .ഉമ്മ മരിച്ച ദുഖത്താല്‍ ഭാഷ്പ്പധാര എന്ന കവിത എഴുതി. സംസ്‌കൃത വൃത്ത്തില്‍ ഉബൈദ് ആദ്യമെഴുതിയ കവിതയും അതുതന്നെയാണ്. ചന്ദ്രിക തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിരവധി കവിതകളും ലേഖനങ്ങളും എഴുതി. ഖിലാഫത്ത് പ്രസ്ഥാനത്തിന് ശക്തി പകരാന്‍ ദേശീയ ഗീതങ്ങളും എഴുതിയത് ഇക്കാലത്തു തന്നെയാണ്. ദര്‍വ്വാറില്‍ നിന്ന് മുംതാസ് എന്ന പേരില്‍ ഒരു കന്നഡ പത്രം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ ആ ഭാഷയില്‍ കവിതകളും ലേഖനങ്ങളും എഴുതി. ഷെറൂല്‍ പ്രസാധകനും കെ. ഹൈദര്‍ പത്രാധിപരുമായിരുന്ന ജ്യോതിയിലും, ദിവ്യവാണി, ദേശമിത്ര, ഉദയചന്ദ്രിക എന്നീ കന്നഡ പത്രങ്ങളിലും പ്രശസ്ത കന്നഡ എഴുത്തുകാരനായിരുന്ന മാസ്തി വെങ്കിടേശ്വര അയ്യങ്കാരുടെ ജീവനയിലും വിവര്‍ത്തനങ്ങളും സ്വതന്ത്രമായ കൃതികളും പ്രസിദ്ധീകരിച്ചു. 1956 ല്‍ കാസര്‍കോട്ട് വെച്ച് നടന്ന കര്‍ണ്ണാടക സാഹിത്യ പരിഷത്തിന്റെ സാഹിത്യസമ്മേളനത്തില്‍ കവിത അവതരിപ്പിക്കാന്‍ കഴിഞ്ഞതോടെ കന്നഡഭാഷാ സാഹിത്യകാരന്‍മ്മാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ഉബൈദിന്റെ കീര്‍ത്തനങ്ങളുടെ സമാഹാരമായ നവരത്നമാലിക 1932 ലാണ് പ്രസിദ്ധീകരിച്ചത്. വള്ളത്തോളുമായുള്ള ബന്ധമുണ്ടാവുന്നത് 1936 സെപ്റ്റംമ്പര്‍ 16 ാം തീയതിയാണ്. കേരളകലാമണ്ഡലം സ്ഥാപിക്കുന്നതിലേക്കായി മഹാകവി വള്ളത്തോള്‍ കാസര്‍കോട്ടെ ഇടനീര്‍ മഠത്തിലേക്ക് സംഭാവന സ്വീകരിക്കാനെത്തിയത് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവമായി മഹാകവി ഉബൈദ് പറഞ്ഞിട്ടുണ്ട്. അന്ന് വള്ളത്തോളിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു, പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ നിരവധി കൃതികള്‍ ഉബൈദിന്റേതായുണ്ട്. നവരത്നമാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, തിരുമുല്‍ കാഴ്ച, ഹസ്രത്ത് മാലിക് ഇബിനു ദീനാര്‍, നമ്മുടെ നദികള്‍, വള്ളത്തോള്‍ കവിതകളു, മുസ്ലീമിന മൊറെഗളു, മാപ്പിളപ്പാട്ടുവൃത്തങ്ങള്‍ ഇങ്ങനെ കന്നഡയിലും തുളുവിലും മലയാളത്തിലുമെല്ലാം ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ രചനാ രീതികൊണ്ട് എല്ലാ വിഭാഗം സാഹിത്യാസ്വാദകരെയും ആകര്‍ഷിക്കുകയും ചെയ്ത വടക്കേമലബാറിന്റെ മഹാകവി 1972 ഒക്ടോബര്‍ 3ന് തന്റെ സഫലമായ കാവ്യ ജീവിതത്തോടും നാട്ടുകാരോടും വിടപറഞ്ഞു. കടലുകള്‍ കടന്ന് ഉബൈദിന്റെ ഇശലുകള്‍ കടലുകള്‍ കടന്ന് മണലാരണ്യങ്ങളെയും മരുപ്പച്ചകളെയും ഇന്നും പാടിയുണര്‍ത്തുകയാണ്

 

error: Content is protected !!