അള്ളടം മുക്കാതം നാട്ടിന്റെ കലശോത്സവം

പ്രഭാകരന്‍ കാഞ്ഞങ്ങാട്
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ  ആസ്ഥാനമായിരുന്നു  അള്ളടം  ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു.  തെക്ക് തൃക്കരിപ്പൂര്‍ ഒളവറ പുഴ മുതല്‍ മുതല്‍  വടക്ക്  ചിത്താരി പുഴവരെയായിരുന്നു അള്ളടം എന്ന നാട്ടുരാജ്യം. ഇത് മുക്കാതം നാട് എന്നറിയപ്പെട്ടു.  അല്ലോഹലന്റെയും മന്നോന്റെയും അധീനതയിലായിരുന്നു. അല്ലോഹലന്‍ മടിയന്‍ ആസ്ഥാനമായും മന്നോന്‍ ഉദിനൂരിലെയും നാട്ടുരാജാക്കന്‍മാരായിരുന്നു. മണിയാണിമാരായിരുന്ന എട്ടുകുടക്കീഴില്‍ പ്രഭുക്കന്‍മാരില്‍പ്പെട്ടവരായിരുന്നു ഇവര്‍. മണിയാണി നാടുവാഴിമാര്‍.അല്ലോഹലന്റെ ആസ്ഥാനമായിരുന്നു അള്ളടസ്വരുപമെന്നറിയപ്പെട്ട മഡിയന്‍ കോവിലകം. മണിയാണിമാരുടെ കോവിലകം കൂടിയായിരുന്നു. കാളരാത്രി മുഖ്യആരാധനമൂര്‍ത്തിയായ അല്ലോഹലന്റെ ആരാധന കേന്ദ്രമായിരുന്നു മടിയന്‍ക്ഷേത്രം. പടനായകരായി മുല്ലച്ചേരി നായരും  മടിയന്‍ നായരും കണക്കപ്പിള്ളയായി മധുരക്കാട്ട് നമ്പീശനും. നീലേശ്വരം രാജവംശത്തിന്റെ മറ്റൊരു പേരായിരുന്നു അള്ളട സ്വരൂപം എന്നും വാദമുണ്ട്. ഒരു കാലത്ത് ചില വിഭാഗങ്ങള്‍ക്ക്  മടിയന്‍ കൂലോം ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഉത്സവകാല ദിനങ്ങളില്‍  ആചാര-അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ ക്ഷേത്ര പ്രവേശനം അനുവദിച്ചിരുന്നു. അള്ളട സ്വരൂപം സ്ഥാപിതമായതോടെ മടിയന്‍ കോവിലകം ആത്മീയ കേന്ദ്രമായി മാറി.
കോലത്തിരിയുടെ  പടയോട്ട കാലത്ത് നാട്ടു രാജാവും അളളടദേശത്തിന്റെ അധിപനുമായ അല്ലോഹലന്‍ വധിക്കപ്പെടുകയാണുണ്ടായത്. ആക്രമിച്ച് കീഴടക്കപ്പെടുന്നവരുടെ മേല്‍ രാഷ്ട്രീയവും ധാര്‍മികവുമായ ഒരധീശത്വം സ്ഥാപിച്ചെടുന്നതിന്റെ ഭാഗമായുണ്ടായ  ചില രീതികളും നിഷ്ഠകളും പീന്നീട് ആരാധനകളില്‍ ഉണ്ടായി എന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നുണ്ട്. കോലത്തിരി സൈന്യത്തിനൊപ്പം മുസ്ളീംങ്ങളെയും  അയച്ചിരുന്നതായി സ്വരൂപാചാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  അക്കാലത്ത് സ്ഥാപിതമായതാണ് അതിയാല്‍ പള്ളി.  മടിയന്‍ കൂലോം ഉത്സവത്തിന് കാഴ്ച കൊണ്ടുവരുന്ന പതിവും പണ്ടുകാലത്തുണ്ടായിരുന്നു.അളളടത്തിന്റെ അധിപനായ ക്ഷേത്രപാലകന്റെയും, കാളരാത്രിയുടെയും ആരൂഢസ്ഥാനം കൂടിയാണ് മടിയന്‍ കൂലോം ദേശം.കൂലോത്തെ ഏറെ പ്രസിദ്ധമായ കലശോത്സവം കാണാന്‍  എല്ലാവര്‍ഷവും ജാതിമതഭേദമന്യേ ആയിരങ്ങള്‍ എത്തുന്നു.  മുസ്ലീം സമുദായത്തിന്റെ സാന്നിധ്യം  ഏറെശ്രദ്ധേയമായ ഒരു സവിശേഷത കൂടിയാണ്. ആര്യ- ദ്രാവിഢ സങ്കല്പത്തിലാണ് മടിയന്‍കൂലോത്തെ ഉത്സവങ്ങളും പൂജാവിധികളും നടത്തുന്നത്. കൂലോത്തെ ഏറെ പ്രസിദ്ധമായ കലശോത്സവം കാണാന്‍  എല്ലാവര്‍ഷവും ജാതിമതഭേദമന്യേ ആയിരങ്ങള്‍ എത്തുന്നു.  മുസ്ലീം സമുദായത്തിന്റെ സാന്നിധ്യം  ഏറെശ്രദ്ധേയമായ ഒരു സവിശേഷത കൂടിയാണ്.
ആര്യ- ദ്രാവിഢ സങ്കല്പത്തിലാണ് മടിയന്‍കൂലോത്തെ ഉത്സവങ്ങളും പൂജാവിധികളും നടത്തുന്നത്. നാട്ടു സാമന്തന്മാരായിരുന്ന അളേളാഹലന്മാര്‍ നാടുവാണ അളളടദേശത്തെ കാഞ്ഞങ്ങാട്  മടിയന്‍ കൂലോത്ത്  കലശോത്സവം രണ്ടു നാളാണ്. ആറ് കലശങ്ങളാണ്  മഡിയന്‍ കൂലോത്തുള്ളത്. കീഴക്കുംര ഇളയിടത്ത് കുതിരിലെ  തെരളി ,ഭട്ട്യന്‍ എന്നീ  രണ്ട് കലശങ്ങള്‍,  അടോട്ട് മൂത്തേടത്ത് കുതിരില്‍ നിന്നുള്ള ഒരു കലശം,  മധുരക്കാട്ട് വയലില്‍ നിന്ന് ഒന്ന്,  മടിക്കൈ ആയളം കഴകത്തില്‍ നിന്ന് രണ്ടും കലശങ്ങള്‍ വീതമാണ്  കലശദിവസം മഡിയന്‍ കൂലോത്തെത്തുന്നത്.  തീയ്യരുടെ കളരികളില്‍ നിന്നാണ് കലശം പുറപ്പെടുന്നത്. ഈ കളരികള്‍ ആയോധനത്തിന്റെയും  മെയ് കരുത്തിന്റെ പരിശീലന കേന്ദ്രങ്ങളായിരുന്നു.   അകത്തെ കലശം രാത്രിയിലും പുറത്തെ കലശം പകലുമായി രണ്ടു ദിവസമാണ് കലശോത്സവം.  പുറത്തെ കലശമാണ് ഏറെ പ്രധാനം. അകത്തെ കലശത്തിന്  രാത്രി കിഴക്കും കരയില്‍ നിന്നും അടോട്ട്, വയല്‍ പ്രദേശങ്ങളില്‍ നിന്നുമാണ്  കലശങ്ങളെത്തുക. ഓരോ കളരിയിലും കലശമെടുക്കുന്നയാളെ തീരുമാനിച്ചാല്‍  പീന്നീട്  അയാള്‍ വ്രതമെടുത്ത് നില്‍ക്കണം. കലശക്കാരനെ തീരുമാനിക്കുന്ന ചടങ്ങില്‍  കളരി കോയ്മയും  കുമ്മണാര്‍ കളരിയുടെ  പ്രതിനിധികളായി  അച്ചന്‍മാരും ഉണ്ടാവും.  മഡിയന്‍ കൂലോത്ത് പൂക്കണിയാന്‍ ലക്ഷണം നോക്കി കലശം കുറിക്കുന്നതോടെ  ആ വര്‍ഷത്തെ കലശോത്സവത്തിന് പ്രാരംഭമാകുന്നു. പീന്നീട് ഓല കൊത്തല്‍ ചടങ്ങുമുണ്ട്.  ഓല കൊത്തി നിലത്ത് വീണാല്‍ ജ്യോത്സ്യന്‍ ലക്ഷണം പറയുന്ന പതിവുണ്ട്. കലശത്തിന് ഓല കൊത്തിയാല്‍  പിന്നീട് കലശം കഴിയുന്നതുവരെ ആ പ്രദേശത്ത്  ഒരു മരമോ ഓലയോ പോലും മുറിക്കാന്‍ പാടില്ല എന്നതാണ് നാട്ടുവഴക്കം.  കലശത്തട്ടൊരുക്കാന്‍ പൂക്കാര്‍ പോവുന്നതും ഒരു  ആഘോഷമാണ് .  കലശപ്പന്തല്‍ ഒരുക്കുന്നതിന്  അടക്ക,  കവുങ്ങിന്‍ പൂക്കുലകള്‍,  ചക്ക മാങ്ങ, തേങ്ങ  എന്നിവയാണ് പൂക്കാര്‍ നാടുമുഴുവന്‍ നടന്ന് ശേഖരിക്കും. മഡിയന്‍ കൂലോത്തിന്റെ പ്രത്യേകിച്ച് അള്ളടം ദേശത്തിന്റെ അതിരുവിട്ട് പൂക്കാര്‍  പോവാറില്ല എന്നതും പ്രത്യേകതയാണ്.  ചോദിക്കാനോ പറയാനോ ആരുമില്ലാതെ എല്ലാക്കാലത്തും പൂക്കാര്‍ ഈ വിഭവങ്ങള്‍ ശേഖരിക്കുന്ന കാഴ്ച മറ്റൊരു ഉത്സവമാകുന്നു.  കൊത്തിയെടുത്ത ഓല കലശദിവസം രണ്ടായി പകുത്ത്  മെടഞ്ഞ്  കൂലോത്തേക്ക് കലശവുമായി പോകുമ്പോള്‍ മുമ്പേ നടന്ന്  മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ് കൂലോത്തെ കലശത്തറയിക്ക് മുകളില്‍  ഈ  ഓലയിട്ടാണ് കലശപന്തലൊരുക്കുന്നത്. ഓടുകൊണ്ട് നിര്‍മ്മിച്ച  മുപ്പത്തിയഞ്ച് കിലോയോളം തൂക്കമുള്ളതാണ്  കലശപ്പാത്രം.  ഇതില്‍ നിറയെ കള്ള് നിറയ്ക്കും.  മുളകൊണ്ടാണ് നാലുതട്ടുള്ള കലശത്തട്ട് നിര്‍മ്മിക്കുന്നത്.   കവുങ്ങില്‍ പൂക്കുലയും ചെക്കി പൂക്കളും  കൊണ്ട് അലങ്കരിക്കും. ഇരുപത്തൊന്ന് പൂക്കുലകള്‍ കൊണ്ടാണ്  കലശത്തട്ട് അലങ്കരിക്കുക.  കളരിയില്‍ കലശത്തട്ട് തയ്യാറായാല്‍  മര്യാദക്കാരന്‍ എന്ന ആചാരമുള്ളയാള്‍ കരിക്കില്‍ വെള്ളത്തില്‍ പൂക്കുലമുക്കി കുടഞ്ഞ് കലശപ്പാത്രവും കലശത്തട്ടും ശുദ്ധിവരുത്തുന്ന ചടങ്ങുമുണ്ട്.  പീന്നീട് കലശമെടുക്കുന്നയാള്‍  ആളുകളോടൊപ്പം ആര്‍പ്പുവിളികളോടെ കൂലോത്തേക്കും പോവും. ആറ് കലശങ്ങളും ക്ഷേത്രം വലം വെയ്ക്കുമ്പോള്‍ തന്നെ തെയ്യങ്ങളുടെ വരവുണ്ടാകും.  കാളരാത്രീ, നടയില്‍ ഭഗവതി, ക്ഷേത്രപാലന്‍ തെയ്യങ്ങളും  ക്ഷേത്രം  കലശങ്ങള്‍ക്കൊപ്പം   വലം വെയ്ക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. കലശങ്ങളെത്തുമ്പോള്‍ തന്നെ  മാണിക്കോത്ത് പുന്നക്കാല്‍ മാണിക്യമംഗലം ഭഗവതി ക്ഷേത്രത്തിന്റെ വകയായുള്ള മീന്‍കോവ കാഴ്ച വരവുമുണ്ടാകും.,
കലശം കുറിച്ചുകഴിഞ്ഞാല്‍ ചിത്താരിപ്പുഴയില്‍ നിന്ന് മത്സ്യം പിടിക്കാന്‍ ആര്‍ക്കും അവകാശമില്ല.  കലശത്തിന്  മുകയ സമുദായക്കാര്‍ക്ക്  കാപ്പുകലക്കി മീന്‍ പിടിക്കുന്നതിനാണിത്.  കലശത്തിന് കൊണ്ടു വരുന്ന മത്സ്യം  ആറ് കലശക്കാര്‍ക്കും  തെയ്യക്കാര്‍ക്കും കൊടുക്കും.  ക്ഷേത്രപാലന്റെയും  കാളരാത്രിയുടെയും ശ്രീകോവിലിന് ചുറ്റും അലങ്കരിച്ച കലശതട്ടുകളും തലയിലേന്തി വിവിധ കഴകങ്ങളില്‍ നിന്നെത്തിയ  വാല്യക്കാര്‍ എത്രവട്ടം വലം വെക്കുന്നു എന്നതിന്റെ കരുത്തുകാട്ടുന്ന കാഴ്ച പോയ്പോയ  കാലഘട്ടത്തിന്റെ ആയോധനത്തിന്റെയും  അനുഷ്ഠാനങ്ങളുടെയും ശക്തമായ തെളിവായിത്തീരുന്നു. നാടിന്റെ നാനാ ഭാഗത്ത് നിന്നും ആയിരങ്ങള്‍ കലശോത്സവത്തിനെത്തുന്നു. നാനാജാതി മതസ്ഥരില്‍ പെട്ടവര്‍.  ആദ്യ കാലത്ത് തന്നെ ക്ഷേത്ര പ്രവേശനം  എല്ലാവര്‍ക്കും സാദ്ധ്യമായതോടെ  കലശോത്സവങ്ങളുടെ ജനകീയാടിത്തറയും വിപുലമായി എന്ന്  ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു.  മടിയന്‍ കൂലോത്ത് നടന്നുവരുന്ന   ഉത്സവങ്ങളായ പാട്ടുത്സവവും കലശോത്സവവും  അള്ളടം നാട്ടിലല്ലാതെ മറ്റൊരിടത്തും നമുക്ക് കാണാന്‍കഴിയില്ല
error: Content is protected !!